"ഒരു നോക്കിനായ്... കെഞ്ചുന്നു, തേങ്ങിക്കരയുന്നു.." ഉമ്മൻ ചാണ്ടിയുടെ ഓർമ്മയിൽ കവിതയെഴുതി ബെന്നി ബെഹ്നാൻ എംപി; കവിതയുടെ ദൃശ്യാവിഷ്ക്കാരവും പുറത്തിറക്കി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് കവിതയെഴുതി ബെന്നി ബെഹ്നാൻ എംപി. അമരസ്മരണ എന്നാണ് കവിതയുടെ പേര്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ വെച്ച് രമേശ് ചെന്നിത്തല കവിത പ്രകാശനം ചെയ്തു.

കോൺഗ്രസ് നേതാക്കളുടെയും ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ സാന്നിധ്യത്തിലായിരുന്നു കവിത പ്രകാശനം. കവിതയുടെ ദൃശ്യാവിഷ്ക്കാരവും പുറത്തിറക്കി. ‘ഇനിയില്ല കർമ്മ സൂര്യൻ, എങ്കിലും ജനഹൃദയത്തിലങ്ങേക്കു മരണമില്ല. കേട്ടവരൊഴുകിയെത്തി…ഒരു നോക്കിനായ്…കെഞ്ചുന്നു, തേങ്ങിക്കരയുന്നു..’ എന്നിങ്ങനെയാണ് വരികൾ തുടങ്ങുന്നത്.

തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെയുള്ള വിലാപയാത്രയുടെ നിമിഷങ്ങൾ കോർത്തിണക്കിയപ്പോൾ അത് കവിതയായി. ഉമ്മൻചാണ്ടിയുടെ വിയോഗത്തിന്റെ വേദനയിലാണ് പ്രിയ ശിഷ്യൻ വരികളെഴുതിയത്. ബെന്നിയുടെ വരികൾക്ക് സംഗീതം പകർന്നത് സെബി നായരമ്പലമാണ്. ഗണേഷ് മുരളിയാണ് ആലാപനം.

Read more

അതേ സമയം പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രചാരണം ചൂടുപിടിക്കുകയാണ്. തുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസ് ഇന്നലെയും കോൺ​ഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു. എന്നാൽ വെല്ലുവിളിയിൽ കൃത്യമായ മറുപടി കോൺഗ്രസ് നൽകിയിട്ടില്ല.