അന്വേഷിക്കും മുമ്പ് നിഗമനത്തില്‍ എത്തി, പൊലീസിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് ജിഷ്ണുവിന്റെ കുടുംബം

കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി കുടുംബം. പൊലീസുകാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുടുംബം ആരോപിച്ചു. ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ സുരേഷ് കുമാര്‍ പറഞ്ഞു. തുടങ്ങുന്നതിന് മുന്‍പ് തന്നെ പൊലീസ് ഉദ്യോഗസ്ഥന്‍ നിഗമനത്തില്‍ എത്തി. മതിലില്‍ നിന്നും വീണ് പരിക്കേറ്റതാണെന്ന് വാദം തെറ്റാണ്. ജിഷ്ണുവിന്റെ കാലിന് നേരത്തെ വീണ് പരിക്കേറ്റിരുന്നുവെന്നും, അതിനാല്‍ മതിലില്‍ കയറാന്‍ ജിഷ്ണുവിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ വേണ്ടിവന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടും. നീതിയ്ക്കായി ഏതറ്റം വരെയും പോകുമെന്ന് ജിഷ്ണുവിന്റെ ഭാര്യ വൈഷ്ണവിയും പറഞ്ഞു.

ജിഷ്ണുവിന്റെ മരണകാരണം ഉയരത്തില്‍ നിന്ന് വീണതിനെ തുടര്‍ന്നുണ്ടായ പരിക്കാണ് എന്നാണ് പോസ്റ്റ്‌മേര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വീഴ്ചയില്‍ തല കല്ലില്‍ ഇടിച്ച് ആഴത്തില്‍ മുറിവേറ്റു. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചുകയറിയതും മരണകാരണമായെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ 26ന് രാത്രി നല്ലളം പൊലീസ് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ട് പോയ ശേഷമാണ് ജിഷ്ണുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചിരുന്നു. ഒമ്പതരയോടെ റോഡരികില്‍ അത്യാസന്ന നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഒമ്പത് മണിയോടെ ജിഷ്ണുവിനെ തേടി നല്ലളം പൊലീസ് വീട്ടിലെത്തിയിരുന്നു. മഫ്തിയിലാണ് പൊലീസ് എത്തിയത്.

കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നിന്നും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് ചെന്നത്. കല്‍പറ്റയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എത്തിതാണ് പൊലീസ്. വീട്ടില്‍ ഇല്ലാതിരുന്ന ജിഷ്ണുവിനെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു.