കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍നടപടികളില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കും.

ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.

കര്‍ദിനാളിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയാണ് വിറ്റതെന്ന ആരോപണം അന്വേഷണത്തില്‍ കണ്ടെത്തി. നിയമ വിരുദ്ധമായി ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല.