പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടര്‍ ബിന്ദു സുന്ദറിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ബിന്ദുവിന് നിര്‍ബന്ധിത അവധി. പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഡോക്ടറിനോടു നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിനോടാണ് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിതുരയിലെ എന്‍.കെ.നിരഞ്ജന കൃഷ്ണന്റെയും (37) ബിനില്‍ മനോഹറിന്റെയും പെണ്‍കുഞ്ഞാണ് സിസേറിയന് പിന്നാലെ മരിച്ചത്. അന്വേഷണം കഴിയും വരെ ഡോക്ടര്‍ ബിന്ദു സുന്ദര്‍ അവധിയില്‍ പോകും.

ഡോ. ബിന്ദുവിനെതിരെ നേരത്തേയും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയത്. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം സംഭവത്തില്‍ അന്വേഷണം നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലാ ആശുപത്രിയിലെത്തും. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു, ഇന്നലെ തന്നെ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് വകുപ്പിന് കൈമാറിയതായി ജില്ലാ ആശുപത്രി സൂപ്രണ്ട് സുമി കെ.വി പറഞ്ഞു.

പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗര്‍ഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം പോലും നല്‍കാതെ ഡോക്ടര്‍ സ്ഥലം വിട്ടുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. തിങ്കള്‍ രാവിലെ 10ന് ആണ് 9-ാം മാസത്തെ സ്‌കാന്‍ റിപ്പോര്‍ട്ട് കാണിക്കാന്‍ ഗൈനക്കോളജി വിഭാഗത്തില്‍ നിരഞ്ജന കൃഷ്ണനും ഭര്‍ത്താവും എത്തിയത്. തുടര്‍ന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 4.30ന് ലേബര്‍ റൂമില്‍ കയറ്റി. നിരഞ്ജനയ്‌ക്കൊപ്പം മാതാവ് നിര്‍മലയും ലേബര്‍ റൂമില്‍ ഉണ്ടായിരുന്നു. രണ്ടുമണിയോടെ പ്രസവ ശസ്ത്രക്രിയ നടത്തിയെങ്കിലും പുറത്തെടുത്തയുടന്‍ കുഞ്ഞ് മരിക്കുകയായിരുന്നു.

Read more

പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസര്‍ജ്യം പുറത്തേക്കു പോകുന്നെന്ന പരാതിയില്‍ ഡോ.ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് നവജാതശിശുവിന്റെ മരണം. ഉച്ചയ്ക്ക് 12 വരെ പ്രസവം നടന്നില്ലെങ്കില്‍ ശസ്ത്രക്രിയ ചെയ്യാമെന്ന് ഡോക്ടര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് 2 മണിയായിട്ടും പ്രസവം ഉണ്ടായില്ല. തുടര്‍ന്ന് 2.20ന് ആംബുലന്‍സില്‍ മറ്റൊരു കെട്ടിടത്തിലെ ശസ്ത്രക്രിയ തിയറ്ററിലേക്കു മാറ്റി. ഇവിടെ എത്തി 10 മിനിറ്റില്‍ ശസ്ത്രക്രിയ കഴിഞ്ഞതിനു പന്നാലെ പിതാവ് ബിനിലിനെ വിളിപ്പിച്ചു. തുടര്‍ന്നാണ് വിവരം ബന്ധുക്കള്‍ അറിഞ്ഞത്.