കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു പൊലീസ് കസ്റ്റഡിയില്‍; ഇത്തവണ അതിക്രമിച്ച് കടന്നത് ബന്ധുവീട്ടില്‍

പാലക്കാട് മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങി വാര്‍ത്താ ശ്രദ്ധ നേടിയ ബാബു വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റില്‍. കാനിക്കുളത്തെ ബാബുവിന്റെ ബന്ധുവീട്ടില്‍ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് 6ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

വീട്ടില്‍ എത്തി ബഹളമുണ്ടാക്കിയ ശേഷം പ്രതി വാതില്‍ ചവിട്ടി തുറന്ന് അതിക്രമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ ഉണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ വരുത്തുകയും ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് പരിഭ്രാന്തി പടര്‍ത്തുകയും ചെയ്തതായാണ് പരാതി. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കസബ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

അതേ സമയം അതിക്രമത്തിന് പിന്നിലെ പ്രേരണ വ്യക്തമല്ല. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. 2022 ഫെബ്രുവരിയിലാണ് ബാബു മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലായിരുന്നു ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നതിന് അന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.