ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കി, കൊലപാതക വകുപ്പുകൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി

ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സതീഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കിയത്. മുൻകൂർ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി

കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും എഫ്ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ പ്രോസിക്യൂഷൻ ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകൾ ചേർക്കാത്തതിൽ കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. അതുല്യയുടെ മരണം കൊലപാതാകമെന്ന് ചൂണ്ടിക്കാട്ടിയാണ് ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തിരുന്നത്. ഇതാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്.

നേരത്തെ സതീഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും മുൻകൂർ ജാമ്യത്തെ തുടർന്ന് വിട്ടയക്കുകയായിരുന്നു. കൊല്ലം തേവലക്കര സ്വദേശി അതുല്യ ഭര്‍ത്താവ് സതീഷിനൊപ്പം ഷാര്‍ജയിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. അതുല്യയെ താമസിച്ച സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജൂലൈ 19നാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി 11.30 വരെയും സന്തോഷത്തോടെ സംസാരിച്ച അതുല്യ എങ്ങനെ ആത്മഹത്യ ചെയ്യുമെന്നാണ് അതുല്യയുടെ സഹോദരി അഖിലയുടെ ചോദ്യം. പിറന്നാള്‍ ദിവസമാണ് അതുല്യ മരിച്ചത്.

Read more