തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ ചുംബിക്കാൻ ശ്രമം; പാലക്കാട് സ്വദേശിക്കെതിരെ പൊലീസ് അന്വേഷണം

തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ ചുംബിക്കാൻ ശ്രമം. ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗറെ പാലക്കാട് സ്വദേശിയായ യുവാവ് ചുംബിക്കാൻ ശ്രമിക്കുക ആയിരുന്നു. പൂര വിശേഷങ്ങൾ ചിത്രീകരിക്കുന്നതിനായി എത്തിയ വ്ലോഗർമാരായ ദമ്പതികൾക്കാണ് അതിക്രമം നേരിടേണ്ടിവന്നത്. സംഭവത്തിന്റെ വീഡിയോ ഇവർ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

പൂര വിശേഷങ്ങൾ തിരക്കുന്നതിനിടെ ദേവസ്വത്തിന്റെ ടാഗ് ധരിച്ച ഒരു യുവാവിന് മുന്നിലേക്ക് ഇവർ മൈക്കുമായി ചെല്ലുക ആയിരുന്നു. ആ സമയത്ത് യുവാവ് അവരെ ബലമായി ചേർത്ത് നിർത്താൻ ശ്രമിക്കുന്നതും ചുംബിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. വ്ലോഗർ തന്നെ അയാളെ തള്ളി മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. ടാഗ് ധരിച്ചിട്ടുണ്ടെങ്കിലും ഇയാൾ ദേവസ്വത്തിന്റെ ഭാരവാഹി അല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

തൃശൂർ പൂരത്തിനിടയിലുണ്ടായ ദുരനുഭവം എന്ന തലക്കെട്ടിൽ പിന്നീട് ഇവർ തന്നെയാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോ വൈറൽ ആയതോടെ പോലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് യുവാവിനെതിരെ അന്വേഷണം ആരഭിച്ചിട്ടുണ്ട്. കേരളം സുരക്ഷിതമാണെന്ന തരത്തിൽ വീഡിയോകൾ ചെയ്തിട്ടുള്ള മലയാളികളുൾപ്പെടെ ഫോളോവഴ്‌സുള്ള വ്ലോഗർമാരാണ് ഇവർ. ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതവും മനോഹരവുമാണെന്നുള്ള വീഡിയോയോ ഇവർ ചെയ്തിരുന്നു.