അഭയ കേസ്; 'ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രോസിക്യൂട്ടര്‍', സി.ബി.ഐ മനഃപൂര്‍വം തോറ്റുകൊടുത്തെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

അഭയകേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് എതിരെ കേസില്‍ ഹര്‍ജി ചേര്‍ന്ന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. പ്രതികള്‍ക്ക് ജാമ്യം കിട്ടാനായി സിബിഐ സഹായിച്ചോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. പ്രതികളുടെ അപ്പീലിന് സി ബി ഐ മറുപടി നല്‍കിയില്ല. സിബിഐ മനപ്പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ സി.ബി.ഐ. പരാജയപ്പെട്ടു. സിബിഐയുടെ വീഴ്ചയ്ക്ക് എതിരെ സി.ബി.ഐ. ഡയറക്ടര്‍ക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കും. 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് അഭയകേസ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആരോഗ്യ കാരണങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി ഇവര്‍ നല്‍കിയ അപ്പീല്‍ കോടതി അംഗീകരിക്കുകയായിരുന്നുവെന്നും ജോമോന്‍ വ്യക്തമാക്കി.

സിബിഐക്ക് വേണ്ടി വാദിക്കാന്‍ തെലുങ്കാനയില്‍ നിന്നാണ് വക്കീലിനെ കൊണ്ടുവന്നത്. പ്രോസിക്യൂട്ടറിന് കേസിനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രോസിക്യൂട്ടര്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. പ്രോസിക്യൂട്ടര്‍ പൂര്‍ണമായും പരാജയപ്പെട്ടു. നേരത്തെ സി.ബി.ഐ. കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി വാദിച്ച അഭിഭാഷകന്‍ ഹൈക്കോടതിയിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ലെന്നും ജോമോന്‍ പുത്തന്‍ പുരക്കല്‍ പറഞ്ഞു.

അതേസമയം അഭയകേസില്‍ പ്രതികളായ തോമസ് കോട്ടൂര്‍, സെഫി എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, സംസ്ഥാനം വിടരുത് എന്നിവയാണ് ഉപാധികള്‍. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചത്.