"സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല, അമിത് ഷായും അദാനിയും വന്നിരുന്നു"; എംവി ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് ജ്യോത്സ്യൻ മാധവ പൊതുവാൾ

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ. എംവി ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്ന് മാധവ പൊതുവാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംവി ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടുവെന്ന വിവാദങ്ങൾക്കിടെയാണ് മാധവ പൊതുവാളിന്റെ പ്രതികരണം.

മുഹൂർത്തമോ സമയമോ ഒന്നും എംവി ഗോവിന്ദൻ ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. എംവി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും മാധവ പൊതുവാൾ പറഞ്ഞു. അമിത് ഷായും അദാനിയും വന്നു കണ്ടിരുന്നു. അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറയുന്നു.

ചില നേതാക്കൾ ജ്യോത്സ്യനെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയിലാണ് വിമർശനമുയർന്നത്. അങ്ങനെയൊരു വിമർശനം ഉയർന്നിട്ടില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദൻ തന്നെ രം​ഗത്തെത്തി. സംസ്ഥാന സമിതിയിൽ ഒരു വിമർശനവും ഉയർന്നിട്ടില്ലെന്നും സാമൂഹികമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Read more

നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നുവെന്നും ഇക്കാര്യം ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന നേതാവ് സംസ്ഥാന സമിതിയിൽ തുറന്നടിച്ചതായുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. എന്ത് രാഷ്ട്രീയബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചില നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നത് എന്നായിരുന്നു ചോദ്യം. എം.വി. ഗോവിന്ദന്‍ ജ്യോത്സ്യനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പ്രചിരിച്ചിരുന്നു. ഇതിനെ ലക്ഷ്യമിട്ടായിരുന്നു വിമര്‍ശനം.