നിയമസഭാ കൈയാങ്കളി കേസ്; വിചാരണ ഇന്ന് തുടങ്ങും, പ്രതികൾ ഹാജരാവില്ല

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇന്ന് തുടങ്ങും. മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള 6 പ്രതികളോട് കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ പ്രതികൾ ഹാജരാകില്ല. വിടുതൽ ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനാലാണ് ഇത്.

മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്. വി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ.അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതിയും തള്ളിയിരുന്നു. പ്രതികള്‍ ചേര്‍ന്ന് 2,20,093 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Read more

നിയമസഭ കയ്യാങ്കളി കേസില്‍ ആറ് വര്‍ഷം പിന്നിടുമ്പോഴാണ് വിചാരണ നടപടികള്‍ തുടങ്ങാനൊരുങ്ങുന്നത്. ഹൈക്കോടതിയിൽ അപ്പീൽ നൽകിയ കാര്യം ഇന്ന് പ്രതികളുടെ അഭിഭാഷകർ കോടതിയെ അറിയിക്കും.