തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന മർദ്ദനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിൽ നടപടിക്കൊരുങ്ങുകയാണെന്നാണ് സൂചന. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് പരിശോധിക്കാൻ റേഞ്ച് ഡിഐജി ആർ. ഹരിശങ്കറിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക യോഗം ചേരും.
വിഷയത്തിൽ ഉന്നതതല അന്വേഷണം നടന്നുവരികയാണെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് പരിഗണനയിലാണ്. ആർ. ഹരിശങ്കറിൻ്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുകയും സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ വിശദമായി പരിശോധിക്കുകയും ചെയ്യും. നിയമവിരുദ്ധമായി പ്രതികളോട് പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കുന്നംകുളത്തെ പൊലീസ് സ്റ്റേഷൻ മർദ്ദനത്തിൽ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് പറഞ്ഞ വിഡി സതീശൻ പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമാനതകൾ ഇല്ലാത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു.
തീവ്രവാദ ക്യാമ്പിൽ പോലും കാണാത്ത ക്രൂര പീഡനമാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ഡിഐജിയുടെ മറുപടിയിൽ തൃപ്തിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമായി ഡിഐജി പെരുമാറരുതെന്നും വി ഡി സതീശൻ പറഞ്ഞു. തൃശൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റത്.







