'ചന്ദനമരയ്ക്കാന്‍ മെഷീനാകാമെങ്കില്‍ പ്രസാദമുണ്ടാക്കാന്‍ ഗ്യാസടുപ്പാകാമെങ്കില്‍ തിടമ്പേറ്റാനും കുടമാറ്റാനും യന്ത്ര ആനകള്‍ പോരെ?'

തൃശൂര്‍ ഇരിഞ്ഞാടപ്പിള്ളിയിലെ ഉത്സവത്തിന് യന്ത്ര ആന തിടമ്പേറ്റിയതിനെ സ്വാഗതം ചെയ്ത് മുന്‍ മാധ്യമപ്രവര്‍ത്തകനും കേരളാ സര്‍വ്വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ അരുണ്‍ കുമാര്‍. ചന്ദനമരയ്ക്കാന്‍ മെഷീനാകാമെങ്കില്‍ പ്രസാദമുണ്ടാക്കാന്‍ ഗ്യാസടുപ്പാകാമെങ്കില്‍ തിടമ്പേറ്റാനും കുടമാറ്റാനും യന്ത്ര ആനകള്‍ പോരെ എന്ന് അരുണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു. യന്ത്ര ആനയെ വെച്ച് തിടമ്പേറ്റുന്നതില്‍ വിഭിന്ന അഭിപ്രായം നിലനില്‍ക്കെ അരുണിന്റെ പോസ്റ്റിന് വന്‍ വിമര്‍ശനം ഉയരുന്നുണ്ട്.

കുറിപ്പ് ഇങ്ങനെ..

ഇരിഞ്ഞാടപ്പിള്ളിയിലെ ഉത്സവത്തിന് തിടമ്പേറ്റിയത് യന്ത്ര ആന! വെറും യന്ത്രമല്ല, ചലനമുള്ള , ഹൈപ്പര്‍ റിയലിസ്റ്റിക് animatronic ആന!

ചൂട്ടു കറ്റയ്ക്കും എണ്ണപ്പന്തങ്ങള്‍ക്കും പകരം വൈദ്യുതി വെളിച്ചമാകാമെങ്കില്‍… ചന്ദനമരയ്ക്കാന്‍ മെഷീനാകാമെങ്കില്‍…. പ്രസാദമുണ്ടാക്കാന്‍ ഗ്യാസടുപ്പാകാമെങ്കില്‍… തീര്‍ത്ഥത്തിന്നായി വെള്ളമെത്തിക്കാന്‍ മോട്ടോര്‍ ആകാമെങ്കില്‍… നാമജപത്തിന് ഉച്ചഭാഷിണിയാകാമെങ്കില്‍, തിരുവസ്ത്രങ്ങള്‍ക്ക് യന്ത്രത്തറിയാകാമെങ്കില്‍… ദീപാലങ്കാരങ്ങള്‍ക്ക് LED ആകാമെങ്കില്‍… തിടമ്പേറ്റാനും കുടമാറ്റാനും യന്ത്ര ആനകള്‍ പോരെ?

ഇടയില്ല, മെഴുക്കില്ല, പനിനീര്‍ തളിക്കില്ല. അവയ്ക്കും വേദനിക്കില്ല. മാറുന്ന കാലത്തെ മാറ്റുന്ന തീരുമാനത്തിന് അഭിവാദനങ്ങള്‍.

തൃശൂര്‍ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് യന്ത്ര ആന തിടമ്പേറ്റിയത്. ‘ഇരിഞ്ഞാടപ്പിള്ളി രാമന്‍’ എന്ന് പേരിട്ടിരിക്കുന്ന ലക്ഷണമൊത്ത ഒരു റോബോട്ടിക് ആനയാണ് തിടമ്പേറ്റിയത്. കേരത്തില്‍ തന്നെ ഇതാദ്യമായാണ് വൈദ്യുതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൊമ്പന്‍ ഉത്സവത്തിന് തിടമ്പേറ്റുന്നത്. പത്തര അടിയാണ് ഇരിഞ്ഞാടപ്പിള്ളി രാമന്റെ ഉയരം. 800 കിലോ ഭാരം. നാലുപേരെ പുറത്തേറ്റാന്‍ കഴിയും. അഞ്ചു ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്.