'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും'; വയലാറിന്റെ വരികളെ ആസ്പദമാക്കി ആര്‍ട്ടിസ്റ്റ് ജോ പോളിന്റെ ചിത്രപ്രദര്‍ശനം

വയലാര്‍ രാമവര്‍മയുടെ അമ്പതാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി വയലാറിന്റെ വരികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ആര്‍ട്ടിസ്റ്റ് ജോ പോളിന്റെ ചിത്രപ്രദര്‍ശനം. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് നടന്ന വയലാര്‍ ചരമ വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയുടെ അനുബന്ധമായാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. വയലാറിന്റെ വരികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ജോ പോള്‍ വരച്ച 8 ചിത്രങ്ങളാണ് ഒക്ടോബര്‍ 30 വ്യാഴാഴ്ച ചങ്ങമ്പുഴ പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചത്. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ മുഖ്യ അതിഥിയായി. ‘ഈ ചിത്രങ്ങള്‍ വയലാര്‍ എന്ന മഹത്തായ കലാകാരനുള്ള എന്റെ സ്തുത്യുപഹാരം ‘ എന്ന് ചിത്രപ്രദര്‍ശനത്തെ കുറിച്ച് ചിത്രകാരന്‍ ജോ പോള്‍ പറഞ്ഞു.

‘സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’, കാലാതീതമായ വയലാറിന്റെ ഈ വരികളോടുകൂടി തുടങ്ങുന്ന പ്രദര്‍ശനത്തിന്റെ ആദ്യ ചിത്രത്തില്‍ കാണുന്നത് ചിന്താഗ്രസ്തനായ വയലാറിനെയാണ് . കവി, ജനപ്രിയ നാടക സിനിമ ഗാനങ്ങളുടെ രചയിതാവ് എന്ന നിലയില്‍ പ്രശസ്തനായ വയലാര്‍, കമ്മ്യൂണിസ്‌റ് പ്രസ്ഥാനവുമായും പുരോഗമന കലാ സാഹിത്യ പ്രവര്‍ത്തനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു സാംസ്‌കാരിക നായകനാണ്. ആയിരത്തില്‍ പരം ഗാനങ്ങള്‍ രചിച്ച വയലാറിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മികച്ച ഗാന രചയിതാവിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണപതക്കവും ലഭിച്ചിട്ടുണ്ട്. വയലാര്‍-ദേവരാജന്‍, വയലാര്‍-ബാബുരാജ് കൂട്ടുകെട്ട് അനശ്വരമായ അനേകം ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചതുമാണ്.

വയലാര്‍ എന്ന മഹത്തായ കലാകാരനായി ഒരുക്കിയ ചിത്രപ്രദര്‍ശനത്തില്‍ തനിക്ക് പ്രചോദനമായ വരികളും ജോ പോള്‍ തുറന്നുകാട്ടി. 1971 ല്‍ പുറത്തിറങ്ങിയ തപസ്വിനി എന്ന ചിത്രത്തിലെ വയലാര്‍ എഴുതിയ വരികളാണ് തനിക്ക് പ്രചോദനം ആയതെന്നു ജോ പോള്‍ പറയുന്നു. സുഹൃത്തുക്കളുടെ പ്രചോദനം ഊര്‍ജ്ജമാക്കി വയലാറിന്റെ അമ്പതാം ചരമവാര്‍ഷികം മുന്‍നിര്‍ത്തി മറ്റു ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കുകയായിരുന്നുവെന്നും ചിത്രകാരന്‍ വ്യക്തമാക്കി. ചിത്രകാരന് പ്രചോദനമായ വരികള്‍ ഇതാണ്.

‘കടലിനു തീപിടിക്കുന്നു
കാറ്റിന് പേ പിടിക്കുന്നു
വികാരവിവശയായ് വിരഹിണി സന്ധ്യ വീണ വായിക്കുന്നു.”

Read more

1956 ല്‍ ജനിച്ച ജോ പോള്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. 1976ല്‍ കേരള പബ്ലിസിറ്റി ബ്യുറോയില്‍ കൊമേര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റായി തുടക്കം. 1979 മുതല്‍ മൊണാലിസ എന്ന പേരില്‍ സ്വന്തമായി പരസ്യകല സ്ഥാപനം നടത്തുന്നു. മുന്‍ എം പിയും സൗത്ത് ലൈവിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായ സെബാസ്റ്റ്യന്‍ പോളിന്റെ സഹോദരന്‍ കൂടിയാണ് ആര്‍ട്ടിസ്റ്റ് ജോ പോള്‍.