അരിക്കൊമ്പന്‍ ദൗത്യം വിജയത്തിലേക്ക്; ആനയെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റി; വെല്ലുവിളിയായി മഴയും കാറ്റും മൂടല്‍മഞ്ഞും

ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയത്തിലേക്ക്. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പനെ ലോറിയില്‍ കയറ്റി. ഇതിനിടെയെത്തിയ കനത്ത മഴയും കാറ്റും മൂടല്‍മഞ്ഞും ദൗത്യത്തിന് വെല്ലുവിളിയായി.

ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും നേരത്തേ തന്നെ സ്ഥലത്ത് എത്തിച്ചിരുന്നു. വാഹനത്തില്‍ കയറ്റിയ അരിക്കൊമ്പനെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. എന്നാല്‍ അരിക്കൊമ്പനെ ഇടുക്കി ജില്ലയില്‍ തുറന്നുവിടില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

ഉള്‍വനമുള്ള മേഖലയിലാകും തുറന്നുവിടുക. അരിക്കൊമ്പനെ കൊണ്ടുപോകുന്നത് ചിത്രീകരിക്കരുതെന്നാണ് കോടതി നിര്‍ദേശം. അറിയാനും അറിയിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങി തുടങ്ങിയിരുന്നില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ഡോസ് മയക്കുവെടി വെച്ചത്. ആദ്യ മയക്കുവെടി 11.54നും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് 12.43നുമാണ് നല്‍കിയത്. എന്നിട്ടും ആന മയങ്ങിതുടങ്ങാത്തതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും മയക്കുവെടിവെച്ചു.

അരിക്കൊമ്പന്‍ സൂര്യനെല്ലി ഭാഗത്തു നിന്ന് സിമന്റ് പാലത്തിലെത്തിയിരുന്നു. പിന്നാലെയാണ് മയക്കുവെടിവെച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പന്‍ സൂര്യനെല്ലി ഭാഗത്തെത്തിയത്.