ചാന്‍സലര്‍ സ്ഥാനത്ത് നിന്ന്‌ ഗവര്‍ണറെ നീക്കുന്ന ബില്‍ കണ്ടിട്ടില്ല; എന്റെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനായി നിയമസഭ പാസാക്കിയ ബില്ല് കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ല് രാജ്ഭവനില്‍ എത്തിയാല്‍ പരിശോധിച്ച് തീരുമാാമെടുക്കുമെന്നും അദേഹം വ്യക്തമാക്കി. ഒരു ബില്ലും നിയമങ്ങള്‍ക്ക് എതിരാകാന്‍ പാടില്ല. കേരളത്തിലെ സര്‍വകാലശാലകളിലെ വിസിമാര്‍ക്ക് മറ്റെവിടെ നിന്നോ ആണ് നിര്‍ദേശം കിട്ടുന്നതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്രിസ്തുമസ് ഉള്‍പ്പെടെ എന്ത് ആഘോഷം വന്നാലും എല്ലാവരെയും ക്ഷണിക്കാറുണ്ടെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണ്. കഴിഞ്ഞ ഓണാഘോഷത്തിന് സര്‍ക്കാര്‍ തന്നെ ക്ഷണിക്കാതിരുന്നതില്‍ വിഷമമുണ്ട്. രാജ്ഭവനില്‍ എന്തു പരിപാടിയുണ്ടെങ്കിലും താന്‍ എല്ലാവരേയും ക്ഷണിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വ്യക്തിപരമായ അജണ്ടകളില്ലാത്തതിനാല്‍ തന്റെ വാതിലുകള്‍ എല്ലായ്‌പോഴും തുറന്നിട്ടിരിക്കുകയാണ്. നിയമാനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കൂ. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി നിയമവിരുദ്ധമായി സര്‍വകലാശാലകളെ ഉപയോഗിക്കുന്നവര്‍ക്ക് തന്റെ നിലപാടില്‍ നിരാശ തോന്നുന്നതില്‍ ഒന്നുംചെയ്യാനില്ലെന്നും അദേഹം വ്യക്തമാക്കി.

അതേസമയം ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന സര്‍വകലാശാല ഭേദഗതി ബില്‍ ഇന്ന് രാജ്ഭവനിലേക്ക് അയക്കും. ചൊവ്വാഴ്ചയാണ് നിയമസഭ ബില്ല് പാസാക്കിയത്. കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ ആണ് നിയമസഭ പാസ്സാക്കിയത്. ബില്‍ പാസ്സാക്കും മുന്‍പ് മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ അതില്‍ ഒപ്പിട്ടിരുന്നില്ല.