തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാവുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്കയോ?; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി സതീശന്‍

ശശി തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാവുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്ക ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖംതിരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നോ കമന്‍സ് എന്നായിരുന്നു ഈ ചോദ്യത്തോട് പ്രതിപക്ഷ നേതാവിന്റെ മറുപടി. ശശി തരൂരിന് യാതൊരു വിലക്കുമില്ല. ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണണെന്നും സതീശന്‍ പ്രതികരിച്ചു.

ഹിമാചലിലും ഗുജറാത്തിലും താരപ്രചാരകരില്‍ ശശി തരൂര്‍ നേരത്തെ തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒഴിവാക്കിയത് അല്ല. തരൂര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് നയം വ്യക്തമാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസില്‍ അങ്ങനെ ആരെയും ഒഴിവാക്കാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തരൂരിന്റെ സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതില്‍ വിശദീകരണവുമായി ഡിസിസി രംഗത്തുവന്നു. പര്യടനത്തെക്കുറിച്ച് ശശി തരൂര്‍ ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്നും തരൂര്‍ നേരിട്ടറിയിച്ചിരുന്നെങ്കില്‍ ഒരുക്കങ്ങള്‍ ഡിസിസി ചെയ്യുമായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു.

എം.കെ.രാഘവന്‍ എം.പിയാണ് ജില്ലാ കമ്മിറ്റിയെ വിവരങ്ങള്‍ ധരിപ്പിച്ചത്. പര്യടനം വിഭാഗീയതയുടെ ഭാഗമാണെന്ന പ്രചാരണവും ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. തരൂര്‍ നേരിട്ടറിയിച്ചിരുന്നെങ്കില്‍ ഒരുക്കങ്ങള്‍ ഡിസിസി ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സംവിധാനം ഉപയോഗിച്ചല്ല തരൂര്‍ പര്യടനം തയാറാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഡിസിസിയെ അറിയിച്ചശേഷമാണ് സെമിനാറില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ഷെഹീന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെ നടപടി പാര്‍ട്ടിക്ക് നാണക്കേടായെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. സമ്മര്‍ദ്ദം മൂലമാണ് തരൂരിന്റെ പരിപാടിയില്‍ നിന്ന് പിന്മാറിയത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചതെന്നും കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് തരൂര്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.