മൂന്നാറില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; റേഷന്‍കട തകര്‍ത്ത പടയപ്പ അകത്താക്കിയത് മൂന്ന് ചാക്ക് അരി; ജാഗ്രത നിര്‍ദ്ദേശം നല്‍കി വനം വകുപ്പ്

മൂന്നാറില്‍ റേഷന്‍ കട തകര്‍ത്ത് കാട്ടുകൊമ്പന്‍ പടയപ്പ. മൂന്നാറില്‍ സൈലന്റ് വാലിയിലെ സെക്കന്റ് ഡിവിഷനിലെത്തിയ പടയപ്പ റേഷന്‍കട തകര്‍ക്കുകയായിരുന്നു. കാട്ടാന എസ്റ്റേറ്റിന് സമീപമെത്തിയതറിഞ്ഞ തോട്ടം തൊഴിലാളികള്‍ റേഷന്‍കട സംരക്ഷിക്കുന്നതിനായി സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ തൊഴിലാളികള്‍ എത്തുന്നതിന് മുന്‍പ് പടയപ്പ കടയുടെ മേല്‍ക്കൂര തകര്‍ത്തിരുന്നു. റേഷന്‍കട തകര്‍ത്ത പടയപ്പ മൂന്ന് ചാക്ക് അരി അകത്താക്കിയാണ് മടങ്ങിയത്.

മുന്‍പും എസ്റ്റേറ്റില്‍ എത്തി പടയപ്പ തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ കരുതിവച്ചിരുന്ന അരിയും സമീപത്തെ കൃഷി സ്ഥലങ്ങളില്‍ നിന്ന് പച്ചക്കറിയും കഴിച്ചാണ് മടങ്ങിയിട്ടുള്ളത്. എന്നാല്‍ പടയപ്പ അപകടകാരിയല്ലെന്നും തൊഴിലാളികള്‍ക്ക് അരിയും മറ്റ് സാധനങ്ങളും സംരക്ഷിക്കാന്‍ വനം വകുപ്പ് നടപടിയെടുക്കണമെന്നുമാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ആവശ്യം.

Read more

റേഷന്‍കടയില്‍ നിന്ന് അരിയും കഴിച്ച് തിരികെ മൂന്നാറിലേക്ക് പോകുന്നതിനിടെ പാമ്പന്‍മലയിലെ ചില പ്രദേശങ്ങളില്‍ നാശനഷ്ടം വരുത്തുകയും പ്രധാന പാതകളില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഒന്നര മാസത്തിന് ശേഷമാണ് വീണ്ടും കാട്ടാന നാശനഷ്ടം വരുത്തിയിരിക്കുന്നത്. നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്നാണ് വനം വകുപ്പിന്റെ നിര്‍ദ്ദേശം.