ഭാര്യയെ ശല്യപ്പെടുത്തിയതില്‍ വൈരാഗ്യം; ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

കൊല്ലം ചടയമംഗലത്ത് ഭാര്യയെ ശല്യപ്പെടുത്തിയ വൈരാഗ്യത്തില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ചടയമംഗലം ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

രണ്ട് ദിവസം മുന്‍പാണ് ചടയമംഗലം സ്വദേശി സനല്‍ കലേഷിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം സനല്‍ ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതി നിലവില്‍ റിമാന്റിലാണ്. കലേഷ് ജോലി നോക്കിയിരുന്ന സ്ഥാപനത്തിലെത്തിയ സനല്‍ ബക്കറ്റില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ശരീരം മുഴുവന്‍ തീ പടര്‍ന്ന് പുറത്തേക്ക് ഓടുന്ന കലേഷിന്റെ ദൃശ്യങ്ങള്‍ ആക്രമണത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കലേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. സനലിന്റെ ഭാര്യയെ കലേഷ് നിരന്തരമായി ശല്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൃത്യത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.