ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുത്; രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വിമര്‍ശിച്ച് അനില്‍ ആന്റണി

എംപി സ്ഥാനം നഷ്ടമായ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നും അനില്‍ ആന്റണി ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ 2024 ന് അപ്പുറത്തേക്ക് കോണ്‍ഗ്രസ് നിലനില്‍ക്കില്ലെന്നും 2017ന് ശേഷമുള്ള കോണ്‍ഗ്രസിന്റെ സ്ഥിതി ഒരു കദന കഥാപഠനമാണെന്നും അനില്‍ കുറിച്ചു. നേരത്തെ ബിബിസി വിഷയത്തിലും അനില്‍ ആന്റണിയുടെ ബിജെപി അനുകൂല പരാമര്‍ശങ്ങള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.

അതേസമയം, പാര്‍ലമെന്റംഗമായിരുന്നാലും അല്ലങ്കിലും തന്റെ പോരാട്ടം അനസ്യുതമായി തുടരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭക്ക് അകത്തായാലും പുറത്തായാലും തനിക്ക് ഒരുപോലെയാണ്. എന്റെ പോരാട്ടം തുടരും. ഈ രാജ്യത്തിന്റെ ജനാധിപത്യ ഘടന നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാവപ്പെട്ട ജനങ്ങളുടെ ശബ്ദം ഉയരത്തില്‍ കേള്‍പ്പിക്കുക എന്നതാണ് തന്റെ ദൗത്യം. രാജ്യത്തെ ജനാധിപത്യത്തിന് മേല്‍ ബി ജെ പി സര്‍ക്കാര്‍ കടന്നാക്രമണം നടത്തുകയാണ്.

ജയിലില്‍ അടച്ച് തന്നെ നിശബ്ദനാക്കാനാകില്ല.താന്‍ പറയുന്നത് സത്യം മാത്രമാണ്. മോദിയുടെ ഭയം കാരണമാണ് തന്നെ അയോഗ്യനാക്കിയത്. തന്റെ അടുത്ത പ്രസംഗത്തെ നരേന്ദ്രമോദി ഭയിക്കുന്നുണ്ട്്. എന്നാല്‍ താന്‍ സംസാരിച്ചുകൊണ്ടേയിരിക്കും. അയോഗ്യനാക്കിയ വിഷയത്തില്‍ താന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടും ഒരു മറുപടിയും തന്നില്ല. സ്പീക്കറെ നേരിട്ട് കണ്ടിട്ടും സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്നും രാഹുല്‍ പറഞ്ഞു.