2026 നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം ബിജെപി പിടിക്കുമെന്ന് അമിത് ഷാ; തദ്ദേശതിരഞ്ഞെടുപ്പില്‍ 25 ശതമാനത്തിലേറെ വോട്ട് നേടി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയില്‍ പ്രഖ്യാപനം

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് കേരളത്തിലും അധികാരത്തില്‍ എത്താനുള്ള അവസരമാണ് ബിജെപിക്ക് കൈവന്നിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞത്. തദ്ദേശതിരഞ്ഞെടുപ്പില്‍ 21,000 വാര്‍ഡുകളില്‍ മത്സരിച്ച് 25 ശതമാനത്തിലേറെ വോട്ട് നേടി ബിജെപി വിജയക്കൊടി പാറിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തില്‍ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പതിനഞ്ച് വര്‍ഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ടെന്നും ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണെന്നും സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്. എന്നാല്‍ അസമിലും ത്രിപുരയിലും ഒഡീസയിലും തെലങ്കാനയിലും പാര്‍ട്ടി ശക്തമായ സാന്നിധ്യമറിയിച്ചുവെന്ന് അമിത് ഷാ ചൂണ്ടിക്കാണിച്ചു. തമിഴ്നാട്ടില്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്ന അവകാശവാദവും അമിത് ഷാ നടത്തി.

പുത്തരിക്കണ്ടത്ത് ബിജെപി വാര്‍ഡ് തല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുഗുണ്ടകള്‍ കൊന്നൊടുക്കിയ ബിജെപി പ്രവര്‍ത്തകരുടെ സ്വപ്നമായിരുന്നു സംസ്ഥാനത്തു ബിജെപി അധികാരത്തിലെത്തുക എന്നതെന്നും ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നതായും അമിത്ഷാ പറഞ്ഞു.

കേരളം എല്‍ഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നല്‍കി. എന്നാല്‍ അക്രമവും അഴിമതിയും പ്രീണനവുമാണ് അവര്‍ തിരികെ നല്‍കിയത്. കേരളത്തില്‍ തഴച്ചുവളര്‍ന്ന മത തീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് നരേന്ദ്രമോദി സര്‍ക്കാരാണ്. പിഎഫ്‌ഐക്കെതിരെ എന്ത് നടപടിയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരെടുത്തത്. മാറ്റം വേണമെങ്കില്‍ ബിജെപിയെ വിജയിപ്പിക്കണം. 2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തും. സ്വപ്നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നു. ബിജെപിയില്ലാതെ വികസിത കേരളം സാധ്യമാകില്ല. വികസിതകേരളം എന്നത് നരേന്ദ്ര മോദിക്കും ബിജെപിക്കുമല്ലാതെ നടപ്പാക്കാന്‍ കഴിയില്ല.

ഇടതുവലതു സര്‍ക്കാരുകള്‍ അഴിമതിക്കാരാണെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി എക്സാലോജിക് അഴിമതി, സഹകരണബാങ്ക് അഴിമതി, എഐ ക്യാമറ അഴിമതി, ലൈഫ് മിഷന്‍, കെ ഫോണ്‍, പിപിഇ കിറ്റ് അഴിമതി എന്നിവ ഇടതുസര്‍ക്കാരിന്റേതാണെന്നും പറഞ്ഞു. സര്‍ക്കാര്‍ സ്പോണ്‍സേഡ് ആയി നടന്ന രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് നയതന്ത്ര സ്വര്‍ണക്കടത്തെന്നും അമിത് ഷാ പറയുന്നു. യുഡിഎഫും അവസരം കിട്ടിയപ്പോള്‍ അഴിമതി നടത്തി. എന്നാല്‍ മോദി സര്‍ക്കാര്‍ 11 വര്‍ഷം പിന്നിടുമ്പോഴും ഒറ്റ അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് അമിത് ഷായുടെ പ്രചരണം.

Read more

പിഎഫ്ഐ പടര്‍ന്നുപന്തലിച്ചപ്പോള്‍ പ്രധാനമന്ത്രി ശക്തമായ നടപടി സ്വീകരിച്ച് ദേശവിരുദ്ധശക്തികളെ ജയിലില്‍ അടച്ചെന്നും അമിത് ഷാ പറഞ്ഞു. തദേശ തിരഞ്ഞെടുപ്പില്‍ ബിജെപി 25 ശതമാനം വോട്ട് നേടുമെന്നും അമിത് ഷാ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. പ്രവര്‍ത്തകരോട് മുദ്രാവാക്യം ഉറക്കെ വിളിക്കാന്‍ പറഞ്ഞ അമിത് ഷാ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്താണ്, അദ്ദേഹം അവിടെയിരുന്ന് മുദ്രാവാക്യം കേള്‍ക്കണമെന്നും പറഞ്ഞു. കോണ്‍ഗ്രസ് അടച്ചുപൂട്ടാന്‍ പോകുന്ന പാര്‍ട്ടിയാണെന്നും അമിത് ഷാ പറഞ്ഞു.