അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ തമ്മിൽ പോരടിച്ച് രാഷ്ട്രീയ പാർട്ടികൾ, പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്‌ മാർച്ച്, നഗരസഭയെ വിമർശിച്ച് എൽഡിഎഫ്

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ പേരിൽ രാഷ്ട്രീയപ്പോര് കടുക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരിയാണ് രാഷ്ട്രീയ പാർട്ടികളുടെ മത്സരം. പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്‌, ആലുവ പൊലീസ് സ്റ്റേഷൻ മാർച്ചും ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും.

കോൺഗ്രസ്‌ ഭരിക്കുന്ന നഗരസഭയുടെ വീഴ്ച ആരോപിച്ചാണ് ഇടതു മുന്നണിയുടെ പ്രതിരോധം. പ്രതിഷേധവുമായി നഗരസഭയിലേക്കാണ് എൽ ഡി എഫ് മാർച്ച് നടത്തുക. കൊലപാതകത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് ബി ജെ പിയും ഇന്ന് എസ് പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം കൊല്ലപ്പെട്ട കുട്ടിയുടെ പൊതു ദർശനത്തിനും, സംസ്കാരചടങ്ങുകൾക്കും സർക്കാർ പ്രതിനിധികൾ എത്താത്തതിൽ ഏറെ വിമർശനം ഉയർന്നിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതിൽ പ്രതിഷേധം വ്യക്തമാക്കി ഡി സി സി അധ്യക്ഷൻ രംഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യം ഇല്ലെന്നാണ് ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടത്.

വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിൽ ഞായറാഴ്ച രാത്രി മന്ത്രി വീണാ ജോർജ്ജും ജില്ലാ കളക്ടറും എത്തി. കുട്ടിയുടെ മാതാപിതാക്കളെ മന്ത്രിവീണാ ജോർജ്ജ് ആശ്വസിപ്പിച്ചു. നടന്നത് പൈശാചികമായ കൊലപാതകമാണെന്നും സമൂഹത്തിന് ആകെ ഉണ്ടായത് വലിയ വേദനയാണെന്നും വീണാ ജോർജ് പറഞ്ഞു. കുടുംബത്തിന് ആദ്യഘട്ട സഹായം ഉടൻ നൽകും.

മറ്റ് സഹായത്തെക്കുറിച്ച് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. അനാവശ്യ വിവാദങ്ങൾക്ക് പറ്റിയ സമയമല്ല ഇതെന്നും സർക്കാർ പ്രതിനിധികൾ എത്തിയില്ലെന്ന വിവാദത്തോട് മന്ത്രി പ്രതികരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. കുടുംബത്തിന് ധനസഹായം നൽകാൻ ശുപാർശ ചെയ്യുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും പറഞ്ഞു.

മൃതദേഹം സംസ്കരിച്ചു. ആലുവ കീഴ്മാട് ശ്‌മശാനത്തിലാണ് കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചത്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിയായിരുന്ന കുട്ടിയെ അതേ ക്ലാസിൽ തന്നെ പൊതുദർശനത്തിനു വച്ചിരുന്നു. ആയിരക്കണക്കിന് കുരുന്നിന് ആദരാഞ്ജലി അർപ്പിച്ചത്.

കേരളത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തി ശനിയാഴ്ചയാണ് കൊലപാതക വിവരം പുറത്ത് വന്നത്. ഞായറാഴ്ച കുട്ടിയുടെ മൃതദേഹം തായ്ക്കാട്ടുകര സ്കൂളിൽ പൊതുദർശനത്തിന് വച്ചിരുന്നു അവിടെ സഹപാഠികളും അധ്യാപകരും കുട്ടിക്ക് അന്ത്യമോപചാരം അർപ്പിച്ചു. പിന്നീട് മൃതദേഹം കീഴ്മാട് ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മുഴുവൻ കേരളം ഒന്നാകെ കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലും പ്രാർത്ഥനയും നടത്തുക ആയിരുന്നു. എന്നാൽ എല്ലാവരെയും ദുഃഖത്തിൽ ആഴ്ത്തി കുഞ്ഞ് കുട്ടിയുടെ മൃതദേഹം ആലുവ മാർക്കറ്റിന് സമീപത്തുനിന്നുമാണ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് .

പൊലീസ് കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകളാണ് കൊല്ലപ്പെട്ടത്.

പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന കേസിലെ പ്രതി അസഫാക് ആലം താൻ തനിച്ചാണ് കൊലപാതകം നടത്തിയത് എന്നും വൈകിട്ട് 5 . 30 നാൻ ക്രൂരകൃത്യം ചെയ്തത് എന്നും പൊലീസിന് മൊഴി നൽകിയിരുന്നു ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്.

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പോലും മുറിവുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് എല്ലാം തന്നെ ബലപ്രയോഗത്തിലൂടെ സംഭവിച്ചത് ആണെന്നും പ്രതി സമ്മതിച്ചു. പ്രതിയായ അസ്ഫാക്കിനെ സഹായിക്കാൻ കൂടുതൽ സഹായികൾ ഉണ്ടെന്ന് ആയിരുന്നു ആദ്യം പുറത്ത് വന്ന റിപോർട്ടുകൾ എങ്കിലും പ്രതി ഒറ്റക്ക് തന്നെ ആണ് ക്രൂര കൃത്യം നടത്തിയത് എന്നത് പോലീസ് സ്ഥിതീകരിച്ചു.

ഒന്നര വർഷം മുൻപാണ് പ്രതി ജോലി അന്വേഷിച്ച് കേരളത്തിൽ എത്തിയത്. വിവിധ സ്ഥലങ്ങളിൽ പ്രതി ജോലിയോ ചെയ്തിട്ടുണ്ട് . കൂടാതെ മൊബൈൽ മോഷണ കേസിലും ഇയാൾ മുൻപ് പ്രതി ആയിട്ടുണ്ട്. പ്രതിയെ ഇന്ന് 11 മണിയോടെ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കും. പ്രതി അസ്ഫാഖ് ആലത്തിന്റെ സഹായി എന്ന് സംശയിക്കുന്ന ഒരു ആൾ കൂടി പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. എന്നാൽ ഇയാൾക്ക് ഈ ക്രൂരകൃത്യത്തിൽ പങ്കില്ല.

ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നലെ വന്നിരുന്നു. പീഡന ശേഷം കഴുത്തിൽ ഗുരുതരമായി മുറിവേൽപ്പിച്ചുവെന്നും കല്ല്‌കൊണ്ട് തലയ്ക്ക് അടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കയർ പോലുള്ള വസ്തുകൊണ്ട് കഴുത്തിൽ മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തലയിൽ ഒന്നിലധികം തവണ കല്ലുകൊണ്ട് അടിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.