വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി’ നിലവിൽ വന്നതോടെ സ്ത്രീകൾക്ക് സൗജന്യ യാത്ര നിഷേധിക്കാനായി വെള്ളയും നീലയും നിറത്തിലുള്ള ഓർഡിനറി ബസുകൾ കെഎസ്ആർടിസി സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി സ്റ്റിക്കർ ഒട്ടിച്ചു സർവീസ് നടത്തുന്നുവെന്ന പ്രചാരണം പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും ആണെന്ന് കെഎസ്ആർടിസി. പദ്ധതി നിലവിൽ വരുന്നതിന് മുൻപ് ഓർഡിനറി വിഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാ സർവീസുകളും തുടർന്നും ഓർഡിനറി സർവീസായി തന്നെ നിലനിർത്തിയിട്ടുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.

വർഷങ്ങളായി ഒരേ നിറത്തിൽ സർവീസ് നടത്തുന്ന ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ തമ്മിൽ യാത്രക്കാർക്ക് മാറിപ്പോകാതിരിക്കാനും കൂടുതൽ വ്യക്തത ഉറപ്പാക്കാനുമാണ് കെഎസ്ആർടിസി ഇന്നലെ മുതൽ സിറ്റി ഫാസ്റ്റ് ബസുകളിൽ സിറ്റി ഫാസ്റ്റ് എന്ന് വലിയ അക്ഷരത്തിൽ സ്റ്റിക്കർ പതിപ്പിച്ചു തുടങ്ങിയത്. അല്ലാതെ ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയതല്ല എന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

Read more

തിരുവനന്തപുരം നഗരത്തിൽ ഒരേ നീലയും വെള്ളയും നിറത്തിലാണ് ഓർഡിനറി ബസും സിറ്റി ഫാസ്റ്റ് ബസും പണ്ടുമുതലേ സർവീസ് നടത്തുന്നത്. വെള്ളയും നീലയും നിറമുള്ള ബസുകളെല്ലാം സൗജന്യയാത്രയുള്ള ഓർഡിനറി ബസുകളാണെന്ന് വനിതാ യാത്രക്കാർക്ക് കൺഫ്യൂഷൻ ഉണ്ടാകാതിരിക്കാനാണ് ബസുകളുടെ മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകൾ പതിപ്പിച്ചത് എന്ന് കെഎസ്ആർടിസി അറിയിച്ചു.