കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിക്ക് കൈയയച്ച് സംഭാവന നല്‍കി; ബൂത്തുതല ഫണ്ട് ശേഖരണത്തില്‍ സര്‍വകാല റെക്കോഡ്; പ്രതീക്ഷിച്ച കോടികളില്‍ നിന്നും രണ്ടിരട്ടി

തെരഞ്ഞെടുപ്പുകള്‍ക്ക് അടിത്തറ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ബിജെപി പാര്‍ട്ടി ഫണ്ട് ശേഖരണത്തില്‍ സര്‍വകാല റെക്കോഡ്. പ്രതീക്ഷിച്ചതിലും രണ്ടിരട്ടി തുകയാണ് കേരളത്തിലെ ബൂത്തുകളില്‍ നിന്നുമാത്രം ബിജെപിയ്ക്ക് ലഭിച്ചത്. അവസാന കണക്കുകള്‍ പ്രകാരം ബൂത്തുകളില്‍ നിന്ന് 12 കോടിയില്‍ അധികം രൂപയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടായി ലഭിച്ചത്. 2017 പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് പിരിച്ചപ്പോള്‍ ബൂത്തില്‍ നിന്നും ലഭിച്ചത് മൂന്നു കോടി രൂപ മാത്രമായിരുന്നു. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിനെ പിന്നാലെ ബൂത്തുകളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ എത്തിയതോടെ ബൂത്തുകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇവര്‍ വീടുവീടാനന്തരം കയറി പിരിച്ച തുകയാണ് 12 കോടി രൂപ.

ബൂത്തിലെ ആദ്യഘട്ട ഫണ്ട് ശേഖരം വന്‍വിജയമാണെന്നാണ് കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നത്. നിലവില്‍, ഏരിയ, മണ്ഡലം ജില്ലാ കളക്ഷനുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതു ഇരുപതിനുള്ളില്‍ പൂര്‍ത്തികരിക്കാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ഇതിന്റെ കൂടി കളക്ഷന്‍ പൂര്‍ത്തിയാകുമ്പോള്‍ പാര്‍ട്ടി പ്രതീക്ഷിച്ചതിലും മൂന്നിരട്ടി ഫണ്ട് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബൂത്തിലെ ഫണ്ട് ശേഖരണത്തില്‍ തിരുവനന്തപുരം ജില്ലയാണ് റിക്കോഡ് ഇട്ടത്. 1.60 കോടി രൂപയാണ് തിരുവനന്തപുരത്തുനിന്നും പിരിച്ചത്. തൊട്ടു പിന്നിലുള്ളത് തൃശൂര്‍ ജില്ലയാണ് 1.55 കോടി. മൂന്നാം സ്ഥാനത്തുള്ളത് കൊല്ലം ജില്ലയാണ് 1.35 കോടി രൂപ, എറണാകുളവും കോഴിക്കോടും 85 ലക്ഷം രൂപവീതവും ആലപ്പുഴ 80 ലക്ഷവും, പത്തനംതിട്ട 65 ലക്ഷവുമാണ് ബൂത്തുകളില്‍ നിന്ന് പിരിച്ചത്.

പൂര്‍ണമായും പരാതികള്‍ ഒഴിവാക്കി ഫണ്ട് ശേഖരണം സുതാര്യമാക്കാന്‍ സംസ്ഥാന നേതൃത്വം നടപടികള്‍ സ്വീകരിച്ചിരുന്നു. പരാതികള്‍ ഉയര്‍ന്നാല്‍ വിശദമായി അന്വേഷണം നടത്തുമെന്നും കടുത്ത നടപടിയുണ്ടാകുമെന്നും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ താക്കീത് ചെയ്തിരുന്നു. ക്യൂആര്‍ കോഡ് വഴിയും ബിജെപി ഫണ്ട് സ്വീകരിക്കുന്നുണ്ട്. ഫണ്ട് പിരിവ് സുതാര്യമാക്കാനാണ് ഇത്തരമൊരു നീക്കം കൂടി നടത്തുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഡിജിറ്റലായി ഫണ്ട് സ്വീകരിക്കുന്നുവെന്ന റിക്കോഡും ഇതിലൂടെ സ്വന്തമാക്കി. സംഭാവന ശേഖരിക്കാനെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ക്യൂആര്‍ കോഡ് നല്‍കുക. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുകയെന്നതും ഇതിന്റെ ലക്ഷ്യം.

ബൂത്ത് തലത്തില്‍ പരമാവധി 25,000 രൂപ, പഞ്ചായത്ത് അല്ലെങ്കില്‍ ഏരിയാ തലത്തില്‍ 1 ലക്ഷം രൂപ, നഗരസഭാ പരിധിയില്‍ 3 ലക്ഷം രൂപ, മണ്ഡലം തലത്തില്‍ 7 ലക്ഷം രൂപ എന്നിങ്ങനെ പിരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു വ്യക്തിയില്‍നിന്ന് പരമാവധി 1000 രൂപയേ വാങ്ങാവൂ എന്നും കര്‍ശന നിര്‍ദേശം സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്. അതില്‍ കൂടുതല്‍ നല്‍കാന്‍ കഴിയുന്നവരുടെ പട്ടിക പഞ്ചായത്ത്, അല്ലെങ്കില്‍ ഏരിയാ കമ്മിറ്റിയെ ഏല്‍പിക്കണം. പഞ്ചായത്ത് കമ്മിറ്റി പരിധിയിലെ ഒരു വ്യക്തിയില്‍നിന്ന് പരമാവധി 5000 രൂപ വരെയേ വാങ്ങാവൂ. മണ്ഡലം കമ്മിറ്റികള്‍ വ്യക്തിയില്‍നിന്ന് 25,000 രൂപയില്‍ കൂടുതല്‍ വാങ്ങരുത്. കൂടുതല്‍ തുക നല്‍കാന്‍ തയാറാകുന്നവരുടെ വിവരം ജില്ലാ കമ്മിറ്റിക്കു കൈമാറണമെന്ന നിര്‍ദേശവുമുണ്ട്.

സ്ഥാപനങ്ങള്‍, വ്യവസായ ഉടമകള്‍ എന്നിവരില്‍ നിന്നുള്ള സംഭാവന നേതൃത്വം ചുമതലപ്പെടുത്തുന്നവര്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നു പാര്‍ട്ടി കേന്ദ്ര പ്രതിനിധികളായ പ്രഭാരിമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1000 രൂപ വരെ കൂപ്പണ്‍ വഴി വാങ്ങാം. അതിനു മുകളിലുള്ളവയ്ക്ക് രസീത് നിര്‍ബന്ധമാണ്. 10,000 ത്തില്‍ കൂടുതലുള്ള തുക ചെക്കായി മാത്രമേ വാങ്ങാവൂ എന്നാണു വ്യവസ്ഥ.മണ്ഡലം, ജില്ല, സംസ്ഥാനതല ഫണ്ട് ശേഖരണം ഈ മാസം പൂര്‍ത്തിയാക്കും. ബൂത്തുകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാകുന്നതിന്റെ ലക്ഷണമാണ് പാര്‍ട്ടി ഫണ്ട് ശേഖരണത്തിലും കാണുന്നതെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ബൂത്തുകളിലെ എല്ലാ വീടുകളിലും കയറി ഇറങ്ങി സമ്പര്‍ക്കം പുലര്‍ത്തി ഒരു രൂപ മുതല്‍ പാര്‍ട്ടി ഫണ്ടായി ശേഖരിച്ചിട്ടുണ്ടെന്ന് നേതൃത്വം അറിയിച്ചു.