റിപ്പോര്‍ട്ട് ചെയ്ത എല്ലാ കോവിഡ് മരണങ്ങളും രേഖപ്പെടുത്തി; വിട്ടു പോയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത എല്ലാ കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാലതാമസം കുറയ്ക്കാനാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നതെന്നും . ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

മരണം വിട്ടുപോയിട്ടുണ്ടെങ്കില്‍ പരിശോധിക്കും. ഇതിനായുള്ള നടപടികള്‍ തുടരുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഐ.സി.എം.ആറിന്‍റേതടക്കം കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഓണ്‍ലൈനിൽ അപ് ലോഡ് ചെയ്യുന്ന മരണങ്ങളുടെ കണക്ക് ജില്ലാ തലത്തിൽ കോഡീകരിച്ച് പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്.ജൂൺ 14ന് മുമ്പ് നടന്ന കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുന്ന നടപടി തുടരുക‍യാണ്.

ജില്ലാ മെഡിക്കൽ ഓഫീസർമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൂടുതൽ സമയം അനുവദിച്ചത്. പരിശോധന പൂർത്തിയാക്കി വേഗത്തിൽ കണക്ക് പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. കോവിഡ് മരണം സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുതാര്യമായ നിലപാടാണുള്ളതെന്നും മന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിൽ പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും നിലവിലെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പരാതികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വളരെ കുറവാണ്. അതിനാല്‍ ആരോഗ്യവകുപ്പ് തന്നെ പരിശോധന നടത്തുന്നുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്ത കോവിഡ് മരണങ്ങളുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിക്കുന്നതില്‍ ആരോഗ്യവകുപ്പിന് യാതൊരു മടിയുമില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു.