മദ്യപിക്കുന്നവരും പുകവലിക്കുന്നവരും മെഡിസെപ് പരിരക്ഷയ്ക്ക് പുറത്ത്; മുന്‍പ് ലഹരി ഉപയോഗിച്ചിരുന്നവര്‍ക്കും ആനുകൂല്യം ലഭിക്കില്ല

മദ്യപിക്കുന്നവരെയും പുകവലിക്കുന്നവരെയും മെഡിസെപ് പരിരക്ഷയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി. മദ്യത്തിന്റെയും സിഗരറ്റിന്റെയും ഉപഭോഗം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചരാണെങ്കിലും മെഡിസെപ് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. പുതിയ നിബന്ധനയെ തുടര്‍ന്ന് മെഡിസെപ് കരാര്‍ കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷൂറന്‍സിനോട് സര്‍ക്കാര്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലഹരി ഉപഭോഗത്തെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന വ്യവസ്ഥ നേരത്തെ മുതല്‍ ഉണ്ടായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയെന്ന് കേസ് ഷീറ്റില്‍ ആശുപത്രി അധികൃതര്‍ രേഖപ്പെടുത്തിയാല്‍ പരിരക്ഷ നിഷേധിച്ചിരുന്നു. എന്നാല്‍ മുന്‍പ് വല്ലപ്പോഴും ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിച്ചിരുന്നു. ഈ വ്യവസ്ഥയിലാണ് ഇന്‍ഷുറന്‍സ് കമ്പനി മാറ്റം വരുത്തിയിരിക്കുന്നത്.

അധിക സാമ്പത്തിക ബാധ്യതയാണ് കമ്പനിയെ ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചത്. കരാര്‍ എടുത്തതിനേക്കാള്‍ കൂടുതല്‍ തുക കമ്പനിയ്ക്ക് മുടക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്. അധിക ചെലവ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകള്‍ കടുപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. മെഡിസെപ് പരിരക്ഷയുള്ള വ്യക്തികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ രോഗിയുടെ ചികിത്സാ സംബന്ധമായ എല്ലാ വിവരങ്ങളും കമ്പനിയെ അറിയിക്കണമെന്നാണ് നിബന്ധന.

രോഗിയുടെ കേസ് ഷീറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നോ മുന്‍പ് ഉപയോഗിച്ചിരുന്നെന്നോ രേഖപ്പെടുത്തിയാല്‍ ഇന്‍ഷൂറന്‍സ് ലഭിക്കില്ല. രോഗി നേരത്തെ ലഹരി ഉപയോഗിച്ചിരുന്നതായും എന്നാല്‍ രോഗകാരണം ലഹരി ഉപയോഗം അല്ലെന്ന് രേഖപ്പെടുത്തിയാലും ആനുകൂല്യം നിഷേധിക്കും. തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ലഹരി ഉപഭോഗം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത വിയോജിപ്പുണ്ട്.