രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി ആകാശിനെ സംരക്ഷിച്ചിട്ടുണ്ട്, തില്ലങ്കേരിയിലെ പാര്‍ട്ടിയെന്നാല്‍ ആകാശും കൂട്ടരുമല്ല: പി. ജയരാജന്‍

രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി ആകാശിനെ സംരക്ഷിച്ചിട്ടുണ്ടെന്ന് പി. ജയരാജന്‍. എന്നാല്‍ ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ ആകാശിനെ പുറത്താക്കിയെന്നും തില്ലങ്കേരിയിലെ പാര്‍ട്ടിയെന്നാല്‍ ആകാശും കൂട്ടരുമല്ലെന്നും പി. ജയരാജന്‍ പറഞ്ഞു.

സിപിഎമ്മിനെ എങ്ങനെ തകര്‍ക്കാം എന്നാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. തില്ലങ്കേരിയിലേക്ക് അല്ലാതെ ഞാന്‍ വേറെ എങ്ങോട്ടാണ് പോകേണ്ടത്? തില്ലങ്കേരിയെ പറ്റി ബൈറ്റ് വേണമെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ സമീപിച്ചു. 525 പാര്‍ട്ടി മെമ്പര്‍മാരുണ്ട് ഇവിടെ. അവരാണ് പാര്‍ട്ടിയുടെ മുഖം, അല്ലാതെ ആകാശല്ല.

ഞാന്‍ ജില്ല സെക്രട്ടറി ആയപ്പോള്‍ ആകാശിനെ പുറത്താക്കി. എടയന്നൂര്‍ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് സംഭവത്തിലെ മുഴുവന്‍ ആളുകളെയും പാര്‍ട്ടി പുറത്താക്കി. ആ സംഭവത്തെ പാര്‍ട്ടി തള്ളി പറഞ്ഞു. എടയന്നൂരിലെ സംഭവത്തില്‍ പാര്‍ട്ടിക്ക് ഒന്നും മറയ്ക്കാനില്ല. ഞാന്‍ അന്ന് ജില്ല സെക്രട്ടറിയാണെന്നും പി ജയരാജന്‍ പറഞ്ഞു.

ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങള്‍ പലവഴി തേടി പോയില്ല. ആകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ചാണ് മറുപടി. പാര്‍ട്ടി സംരക്ഷിച്ചില്ല എന്ന ആകാശിന്റെ വാദത്തിനാണ് മറുപടി. പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല. ക്വട്ടേഷന്‍ സംഘത്തെ ഒറ്റപ്പെടുത്തിയ പാര്‍ട്ടിയാണ് ഇതെന്നും പി.ജയരാജന്‍ പറഞ്ഞു.