പരാതിക്കാരിക്ക് നീതി നേടി കൊടുക്കേണ്ട മന്ത്രിയുടെ ഇടപെടൽ പ്രതിക്ക് വേണ്ടി; യുവതി മൊഴിയില്‍ ഉറച്ചു നിന്നാല്‍ ശശീന്ദ്രന് മന്ത്രിസ്ഥാനം തെറിക്കും

കൊല്ലം കുണ്ടറയിൽ പരാതിക്കാരിയായ യുവതി മൊഴിയിൽ ഉറച്ചുനിന്നാല്‍ എ.കെ ശശീന്ദ്രന് മന്ത്രി സ്ഥാനം തെറിക്കും. ഇരക്ക് നീതി നേടി കൊടുക്കേണ്ട മന്ത്രി പ്രതിക്ക് വേണ്ടി ഇടപെട്ടത് എന്‍സിപിക്ക് മാത്രമല്ല സിപിഎമ്മിനും സര്‍ക്കാരിനും വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ യുവതി മൊഴിയില്‍ ഉറച്ചുനിന്നാല്‍ എ.കെ ശശീന്ദ്രന്  മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോകേണ്ടിവരുമെന്ന് സിപിഎം നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പാര്‍ട്ടി തര്‍ക്കമെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചെങ്കിലും നിയമനടപടികള്‍ ഉറ്റുനോക്കുകയാണ് ഇടതുമുന്നണി .

പാര്‍ട്ടി തര്‍ക്കത്തില്‍ ഇടപെട്ടെന്ന് ശശീന്ദ്രന്‍റെ വാദം ധാര്‍മികമായോ നിയമപരമായോ നില്‍ക്കില്ലെന്നതാണ് ഇടതുമുന്നണിയേ പ്രതിരോധത്തിലാക്കുന്നത്. പാര്‍ട്ടി തര്‍ക്കമെന്ന് വാദിക്കാമെങ്കിലും പെണ്‍കുട്ടി നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ ശശീന്ദ്രന് മന്ത്രിസ്ഥാനത്തിന് ഭീഷണിയാണ്.

ഈ കേസില്‍ പെണ്‍കുട്ടി നല്‍കുന്ന മൊഴി നിര്‍ണായകമാണ്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി കുടുംബത്തില്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴി നല്‍കിയാല്‍ ,ശശീന്ദ്രനെതിരെ കേസ് എടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവും. ശശീന്ദ്രനെതിരെ  പൊലീസ് കേസ് എടുത്തില്ലെങ്കിലും പെണ്‍കുട്ടിയുടെ കുടുബത്തിന് കോടതിയെ സമീപക്കാനാവും . കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശശീന്ദ്രന്‍ കേസില്‍ പ്രതിയായാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ബുദ്ധിമുട്ടാവും . ശശീന്ദ്രന്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതി എന്‍ സി പി അന്വേഷിക്കുന്നുണ്ട് . മാത്യൂസ് ജോര്‍ജ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും പാര്‍ട്ടി തീരുമാനമെടുക്കുക.

വീണ്ടും എ കെ ശശീന്ദ്രൻ ഇടതുമുന്നണിയെയും പിണറായി സർക്കാരിനെയും പ്രതിസന്ധിയിലാക്കുകയാണ്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ഹണിട്രാപ്പിൽ കുടുങ്ങിയാണ് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചത്. ഇത്തവണയും ഫോൺ കെണിയാണ് ശശീന്ദ്രനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നത്.  കഴിഞ്ഞ തവണ വിവാദ വാർത്ത പുറത്തു വന്ന് മണിക്കൂറുകൾക്കകം മുഖ്യമന്ത്രി ശശീന്ദ്രൻ്റെ രാജി വാങ്ങി. ഇപ്പോഴത്തെ വിവാദത്തിൽ അത്രയും കടുത്ത നടപടി പ്രതീക്ഷിക്കപ്പെടുന്നില്ല. എന്‍സിപിയിലെ ആഭ്യന്തരകാര്യമാണെങ്കിലും മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനത്തിന് ഭീഷണിയാണ്. എന്നാല്‍ കുറ്റക്കാരനെന്ന് തെളിയാതെ മുഖ്യമന്ത്രി ശശീന്ദ്രനെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ശശീന്ദ്രന്‍ അനുകൂലികള്‍