ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കൗമാരകലയുടെ കനക കിരീടം വടക്കുന്നാഥന്റെ മണ്ണായ തൃശൂരിന് സ്വന്തം. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിന്റെ ഈ വർഷത്തെ മത്സരങ്ങൾ സമാപിക്കുമ്പോൾ അഞ്ച് തവണ ചാമ്പ്യൻമാരായ തൃശൂർ 26 വർഷത്തിന് ശേഷം അഭിമാനകരമായ കിരീടം ഒരിക്കൽ കൂടി സ്വന്തമാക്കുന്നു. 1999ലാണ് തൃശൂർ അവസാനമായി കപ്പ് ഉയർത്തിയത്. ഒരു പോയിൻ്റ് മാത്രം വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നഷ്ടമായ പാലക്കാട് 1007 പോയിന്റുമായി രണ്ടാം സ്ഥാനം ഉറപ്പിച്ചു.

1003 പോയിൻ്റുമായി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ മൂന്നാം സ്ഥാനവും നേടിയതോടെ തുടർച്ചയായി കലോത്സവത്തിന്റെ സ്വർണകിരീടം കൂടിയിരുന്ന കോഴിക്കോടിന്റെ അപ്രമാദിത്വം നിലച്ചിട്ട് ഇത് തുടർച്ചയായ രണ്ടാം വർഷം. സ്‌കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂൾ ഒന്നാമതെത്തി. 1994, 1996, 1999 വർഷങ്ങളിലാണ് തൃശൂർ നേരത്തെ സ്വർണ കിരീടം നേടിയത്. മറ്റു ജില്ലകളുടെ പോയിൻ്റ് നില ഇപ്രകാരമാണ്: കോഴിക്കോട് – 1002, എറണാകുളം – 980, മലപ്പുറം – 980, കൊല്ലം – 964, തിരുവനന്തപുരം – 957, ആലപ്പുഴ – 957, ആലപ്പുഴ – – 924, കാസർകോട് – 913, വയനാട് – 895, പത്തനംതിട്ട – 848, ഇടുക്കി – 817.

കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ലോകത്തിനു മുന്നിൽ അഭിമാനത്തോടെ കേരളത്തിന് അവതരിപ്പിക്കാൻ കഴിയുന്ന കാര്യമാണ് സംസ്ഥാന സ്‌കൂൾ കലോത്സവമെന്ന് വിഡി സതീശൻ പറഞ്ഞു. കല സായാഹ്നത്തിന് താരപരിവേഷം നൽകി മലയാള സിനിമ താരങ്ങളായ ടൊവിനോ തോമസും ആസിഫ് അലിയും വിശിഷ്ടാതിഥികളായി എത്തിയിരുന്നു.

വിജയികളായ ടീമിന് മന്ത്രി ശിവൻകുട്ടി സുവർണ ട്രോഫിയും മാധ്യമ അവാർഡ് പ്രഖ്യാപനവും നിർവഹിച്ചു. കസേര പിടിച്ചിടാൻ പോലും കലോത്സവത്തിന് കയറിയിട്ടില്ലാത്ത താൻ വളരെ അഭിമാനത്തോടെയാണ് ഇവിടെ നിൽക്കുന്നതെന്ന് നടൻ ആസിഫ് അലി പറഞ്ഞു. വിജയികളായ തൃശൂർ ടീമിന് നാളെ ഇറങ്ങുന്ന തന്റെ സിനിമയായ രേഖാചിത്രം സൗജന്യമായി കാണാനാകുമെന്ന സന്തോഷവാർത്തയും ആസിഫ് അലി പങ്കുവെച്ചു.

സ്കൂൾ കാലഘട്ടത്തിൽ ഒരു ദിവസം അവധി ലഭിക്കും എന്നതിനപ്പുറം കലോത്സവുമായി തനിക്ക് ബന്ധമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് താൻ തിരഞ്ഞെടുത്തത് കലയായിരുന്നു എന്നത് തികച്ചും യാദൃശ്ചികമാണ്. കലയ്ക്ക് മനുഷ്യരെ പരസ്പരം അടുപ്പിക്കാനും സ്നേഹിപ്പിക്കാനും സാധിക്കും. ടോവിനോ തോമസ് പറഞ്ഞു.

Read more

അറുപത്തിമൂന്നാം കലോത്സവ ദിനരാത്രങ്ങൾക്ക് വിരാമം കുറിക്കുമ്പോൾ 21 തവണ വിജയികളായും 2 തവണ റണ്ണേഴ്‌സ് അപ്പ് കിരീടവും നേടി കോഴിക്കോട് തന്നെയാണ് കലാകേരളയുടെ ലിസ്റ്റിൽ മുൻപന്തിയിൽ. എൺപതുകളിൽ എതിരാളികളില്ലാതെ ഒറ്റക്ക് നയിച്ച് 17 കിരീടങ്ങളുമായി തലസ്ഥാന നഗരമായ തിരുവനന്തപുരം രണ്ടാം സ്ഥാനവും അലങ്കരിക്കുന്നു. ഈ വർഷത്തെ അടക്കം 6 കിരീടങ്ങൾ ഉൾപ്പടെ തൃശൂർ മൂന്നാം സ്ഥാനത്തും 5 കിരീടങ്ങളുമായി കണ്ണൂർ തൊട്ട് താഴെ നാലാം സ്ഥാനത്തും അണിനിരക്കുന്നു. മലപ്പുറം, കാസറഗോഡ്, വയനാട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളാണ് ഇതുവരെ സ്വർണകിരീടത്തിൽ മുത്തമിടാത്തതായി അവശേഷിക്കുന്നത്.