"പരാതിക്കാരിയോടു തട്ടിക്കയറിയതല്ല ജോസഫൈനു പറ്റിയ യഥാർത്ഥ തെറ്റ്": അഡ്വ. എ. ജയശങ്കർ

വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും എം.സി ജോസഫൈൻ രാജിവെച്ചതിനോട് പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. പരാതിക്കാരിയോടു തട്ടിക്കയറിയതല്ല, മനോരമ പോലൊരു ചാനലിൽ ഫോൺ ഇൻ പ്രോഗ്രാമിനു പോയതാണ് ജോസഫൈനു പറ്റിയ യഥാർത്ഥ തെറ്റ് എന്ന് എ ജയശങ്കർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കുറിപ്പ് പൂർണരൂപം:

വാമൊഴി വഴക്കം വിനയായി, വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ കസേര തെറിച്ചു.
പരാതിക്കാരിയോടു തട്ടിക്കയറിയതല്ല, മനോരമ പോലൊരു ചാനലിൽ ഫോൺ ഇൻ പ്രോഗ്രാമിനു പോയതാണ് ജോസഫൈനു പറ്റിയ യഥാർത്ഥ തെറ്റ്.
പറഞ്ഞിട്ടു ഫലമില്ല. ഇനി അനുഭവിക്ക്…

കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസം ബാക്കിനില്‍ക്കെയാണ് ജോസഫൈന്റെ പടിയിറക്കം. ജോസഫൈനെ പദവിയിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ സമര പരിപാടികള്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുമെന്ന സാദ്ധ്യത മുന്നില്‍ കണ്ടാണ് സി.പി.എം ജോസഫൈന്റെ രാജി ആവശ്യപ്പെട്ടത്. മനോരമ ചാനലിന്‍റെ തത്സമയ പരിപാടിക്കിടെ പരാതി ബോധിപ്പിക്കാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ സി.പി.എമ്മിൽ നിന്ന് തന്നെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.