അല്പനെ മേയറാക്കിയാൽ, അർദ്ധരാത്രി സല്യൂട്ട് ചോദിക്കും: അഡ്വ. എ ജയശങ്കർ

ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി തൃശൂർ മേയർ എം.കെ. വർഗീസ്​ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ. മുമ്പും ഒരു മേയറെയും പോലീസ് സല്യൂട്ട് അടിച്ചിട്ടില്ല. അവർക്കാർക്കും പരാതി ഉണ്ടായില്ല. കാരണം, പോലീസ് സ്റ്റാൻഡിങ് ഓഡർ പ്രകാരം മേയർക്കോ മുൻസിപ്പൽ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാൻ വ്യവസ്ഥയില്ല എന്ന് എ ജയശങ്കർ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

അല്പനെ മേയറാക്കിയാൽ, അർദ്ധരാത്രി സല്യൂട്ട് ചോദിക്കും.

നെട്ടിശ്ശേരി ഡിവിഷനിൽ കോൺഗ്രസ് റിബലായി ജയിച്ച് ഇടതുപക്ഷ പിന്തുണയോടെ മേയറായ പുങ്കനാണ് എംകെ വർഗീസ്. കൊടി വച്ച കാറിൽ പൊടി പറപ്പിച്ചു പോകുമ്പോൾ പോലീസ് തീരെ ഗൗനിക്കുന്നില്ല, സല്യൂട്ട് അടിക്കുന്നില്ല. എസ്പിയോട് പറഞ്ഞു, ഐജിയോടും പറഞ്ഞു. ഫലമില്ല. അതുകൊണ്ട് ഡിജിപിക്കു പരാതി കൊടുത്തു. ഉത്തരവ് കാത്ത് തെക്കോട്ട് നോക്കി ഇരിക്ക്യാണ് ഗഡി.

മുമ്പും ഒരു മേയറെയും പോലീസ് സല്യൂട്ട് അടിച്ചിട്ടില്ല. അവർക്കാർക്കും പരാതി ഉണ്ടായില്ല. കാരണം, പോലീസ് സ്റ്റാൻഡിങ് ഓഡർ പ്രകാരം മേയർക്കോ മുൻസിപ്പൽ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാൻ വ്യവസ്ഥയില്ല.

നഗരപിതാവിൻ്റെ വാഹനം കാണുമ്പോൾ തിരിഞ്ഞു നിന്നു പൃഷ്ഠം കാട്ടുന്ന തൃശ്ശൂർ പോലീസിന് ബിഗ് സല്യൂട്ട്!