'ക്ലിഫ് ഹൗസിലാണ് താമസം, സെക്രട്ടേറിയറ്റിലാണ് ഓഫീസ് എന്നല്ലാതെ താനാണ് മുഖ്യമന്ത്രി എന്നു പോലും അറിയുന്നില്ല'; പരിഹാസവുമായി അഡ്വ. ജയശങ്കർ

ഇടതുപക്ഷ സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ വലിയ വിവാദങ്ങൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍  മുഖ്യമന്ത്രിയെ പരിഹസിച്ച്  അഡ്വ. ജയശങ്കർ. ക്ലിഫ് ഹൗസിലാണ് താമസം, സെക്രട്ടേറിയറ്റിലാണ് ഓഫീസ് എന്നല്ലാതെ താനാണ് മുഖ്യമന്ത്രി എന്നു പോലും പിണറായി വിജയന്‍ അറിയുന്നില്ലെന്ന് ജയശങ്കർ ഫെയ്സ് ബുക്കില്‍ കുറിച്ചു. നിഷ്‌കളങ്കത എന്ന ഹാഷ്ടാഗോടു കൂടിയാണ്  അഡ്വ. ജയശങ്കര്‍ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

അഡ്വ. ജയശങ്കറിന്റെ പോസ്റ്റ്

അറിയുന്നില്ല.. ഭവാൻ അറിയുന്നില്ല….
തിരുവനന്തപുരം വിമാനത്താവളം അദാനി കൊണ്ടുപോകാതിരിക്കാൻ നിയമോപദേശം തേടിയത് അദാനിയുടെ മകൻ്റെ ഭാര്യയോടാണെന്ന കാര്യം ഭവാൻ അറിഞ്ഞില്ല.
റെഡ് ക്രസന്റിനെ മറയാക്കി യുഎഇ കോൺസുലേറ്റ് യൂണിടാക്കുമായി കരാർ ഉറപ്പിച്ചതും നാലരക്കോടി കമ്മീഷൻ അടിച്ചതും അറിഞ്ഞില്ല
മന്ത്രി ജലീൽ ഗൾഫിൽ നിന്ന് മതഗ്രന്ഥം ഇറക്കുമതി ചെയ്യുന്ന ബിസിനസ് തുടങ്ങിയ കാര്യവും അറിഞ്ഞില്ല.
സ്പ്രിംഗ്ളർ ശിവശങ്കരൻ ഇദയക്കനി സ്വപ്നയുമൊത്ത് സ്വർണക്കടത്തു തുടങ്ങിയതും അറിഞ്ഞില്ല.
എന്തിനു പറയുന്നു? ക്ലിഫ് ഹൗസിലാണ് താമസം, സെക്രട്ടേറിയറ്റിലാണ് ഓഫീസ് എന്നല്ലാതെ താനാണ് മുഖ്യമന്ത്രി എന്നുപോലും അറിയുന്നില്ല!