പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം ഷെഫിന്‍ ജഹാനെ കാണ്‍മാനില്ല; ഇപ്പോള്‍ മകളെയും; ഹൈക്കോടതിയെ സമീപിച്ച് പിതാവ്; അഖില ഹാദിയ കേസ് വീണ്ടും സജീവമാകുന്നു

സുപ്രീം കോടതി വിധിയോടെ രാജ്യമാകെ ശ്രദ്ധനേടിയ അഖില ഹാദിയ കേസ് വീണ്ടും നിയമ പേരാട്ടത്തിലേക്ക്. സുപ്രീംകോടതി വിധിയോടെ ഒരുമിച്ച കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനോടൊപ്പമാണ് അഖില ഹാദിയ കഴിഞ്ഞിരുന്നത്. എന്നല്‍, കുറച്ച് നാളുകളായി അഖിലയെ കാണുന്നില്ലെന്ന് കാട്ടി പിതാവ് അശോകനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഡ്വ. രാജേന്ദ്രന്‍ മുഖേന ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. നാളെയോ തിങ്കളാഴ്ചയോ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.

തന്റെ മകളെ ഷെഫിന്‍ ജഹാന്‍ ഉപേക്ഷിച്ചുവെന്നും. തുടര്‍ന്ന് മറ്റൊരാളുമായി മുസ്ലീം ഏകോപന സമിതി മകളെ വിവാഹം കഴിപ്പിച്ചുവെന്നും വാര്‍ത്തക വന്നിരുന്നുവെന്നും അതിന് ശേഷം മകളെ കാണാനില്ലെന്നുമാണ് പിതാവ് അശോകന നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച ശേഷമാണ് ഇത്തരം നീക്കങ്ങള്‍ നടന്നതെന്ന് പിതാവ് ആരോപിക്കുന്നു. നേരത്തെ,
വൈക്കം ടിവി പുരം കാരാട്ട് വീട്ടില്‍ കെ.എം. അശോകന്റെ മകള്‍ അഖിലയെ പോപ്പുലര്‍ ഫ്രണ്ട് ഇടപെട്ടാണ് മതംമാറ്റി ഹാദിയയാക്കിയത്.
സേലത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഹോമിയോപ്പതി കോഴ്‌സിനു പഠിക്കുമ്പോഴാണു മതംമാറ്റം. സഹപാഠികളുടെ മതത്തില്‍ ആകൃഷ്ടയായാണു മതംമാറിയതെന്ന് അഖില എന്ന ഹാദിയ പറഞ്ഞത്. എന്നാല്‍, കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ എല്ലാ ചെലവും വഹിച്ച് കേസ് അടക്കം നടത്തിയത് പേപ്പുലര്‍ ഫ്രണ്ടായിരുന്നു.

സുപ്രീം കോടതിയില്‍ ഹാദിയ കേസ് നടത്തിപ്പിനു അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ ചെവഴിച്ചതായി പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി തന്നെ കണക്ക് പുറത്തുവിട്ടിരുന്നു. യാത്രാച്ചെലവിനത്തില്‍ 5,17,324 രൂപയും ഹാരീസ് ബീരാന്റെ ഓഫിസിലെ കടലാസ് പണികള്‍ക്ക് 50,000 രൂപയും നല്‍കിയതുള്‍പ്പെടെ 99,52,324 രൂപയാണ് കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടു ചെലവഴിച്ചത്.

ഈ കേസിന് അവസാനമാണ് അഖില ഹാദിയയെ കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാനോടൊപ്പം സുപ്രീംകോടതി അയച്ചത്. ഓരോ വ്യക്തിക്കും താല്‍പര്യമുള്ളയാളെ വിവാഹം ചെയ്യാനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ (വകുപ്പ് 21) അവിഭാജ്യഘടകമാണെന്നും ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിഷയത്തില്‍, നിരോധിത മേഖലയിലാണു കേരള ഹൈക്കോടതി കടന്നുകയറിയതെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ഇരുവരെയും ഒരുമിപ്പിച്ചത്.

വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നു സുപ്രീം കോടതി വിധിച്ചിരുന്നു.

തുടര്‍ന്ന് ഇരുവരും മലപ്പുറത്താണ് താമസിച്ച് വന്നിരുന്നത്. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഷെഫിന്‍ ജഹാനെ കാണാനില്ലെന്ന് അഖില ഹാദിയയുടെ പിതാവ് ആരോപിക്കുന്നു. കഴിഞ്ഞ മൂന്നു മാസമായി മകളെയും കാണാനില്ലെന്നാണ് അദേഹം ഹര്‍ജിയില്‍ ആരോപിക്കുന്നത്. തന്റെ മകള്‍ എവിടെയാണെന്ന് കണ്ടെത്തിതരണമെന്നും ഹൈക്കോടതിയോട് അശോകന്‍ ഹര്‍ജിയിലൂടെ ആശ്യപ്പെട്ടിട്ടുണ്ട്.