എഡിജിപി എസ് ശ്രീജിത്തിനെ റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റ് ചുമതലയില്‍ നിന്നും മാറ്റി; ഐജി നിശാന്തിനി തല്‍സ്ഥാനത്ത്; ആരോപണ വിധേയനായ ശ്രീജിത്തിന് വലിയ ചുമതലകള്‍ അധികം ഇനി ഇല്ല

കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്റെ പ്രസിഡന്റിന്റെ ചുമതലയില്‍ നിന്നും എഡിജിപി എസ് ശ്രീജിത്തിനെ മാറ്റി. പകരം ഭരണവിഭാഗം ഐജി നിശാന്തിനിക്കാണ് റൈഫിള്‍ അസോസിയേഷന്റെ ചുമതല കൈമാറിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ തന്ത്ര പ്രധാനമായ ടി സെക്ഷന്റെ ചുമതലയും ഐജി നിശാന്തിനിക്കാണ്. ഇതോടെ ഭരണ വിഭാഗം എഡിജിപി എസ് ശ്രീജിത്തിന് പ്രത്യക്ഷത്തില്‍ വലിയ ചുമതല ഒന്നും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. പൊലീസ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗം മേധാവി എന്നതാണ് നിലവില്‍ ശ്രീജിത്ത് വഹിക്കുന്ന പ്രധാന ചുമതല. സാധാരണ ഐജി റാങ്കിലെ ഉദ്യോഗസ്ഥന്‍ വഹിക്കേണ്ട ഈ ചുമതല ശ്രീജിത്ത് ഏറ്റെടുത്തത് മുതല്‍ അധികാര ദുര്‍വിനയോഗത്തിന്റെ പേരില്‍ നിരവധി പരാതികളാണ് ഉയര്‍ന്നത്. ഒടുവിലായി സൗത്ത് ലൈവ് നല്‍കിയ പരാതിയും എഡിജിപിയ്‌ക്കെതിരായി മുഖ്യമന്ത്രിയ്ക്ക് മുന്നിലുണ്ട്.

അടുത്ത കാലം വരെ കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന എഡിജിപി ശ്രീജിത്തിന് ആ സ്ഥാനം മാത്രമല്ല, മറ്റ് പല പ്രധാന ചുമതലകളും നിശാന്തിനി ചുമതല ഏറ്റെടുത്തതോടെ നഷ്ടമായിട്ടുണ്ട്. സംസ്ഥാന പൊലീസ് ചീഫ് രവാഡ ചന്ദ്രശേഖര്‍ നീണ്ടകാലം ഡെപ്യൂട്ടേഷനില്‍ ആയതിനാല്‍ ഉണ്ടായ പരിചയ കുറവ് മുതലാക്കി സൂപ്പര്‍ ഡിജിപി ചമഞ്ഞ എഡിജിപിയാണ് ഐജി നിശാന്തിനിയുടെ വരവോടെ വെട്ടിലായത്.

പൊലീസ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗം മേധാവി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും പെരുമാറ്റ ചട്ടം ലംഘിച്ച് അബുദാബിയിലേക്ക് യാത്രനടത്തുകയും സ്വകാര്യ ആയുര്‍വ്വേദ സെന്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുകയും ചെയ്തത് വാര്‍ത്തയാക്കിയതിനാണ് സൗത്ത് ലൈവിന് നേര്‍ക്ക് ഭീഷണിയുണ്ടായത്. സൈബര്‍ പൊലീസില്‍ നിന്നും വാര്‍ത്ത ഡിലീറ്റ് ചെയ്യിക്കാന്‍ സമ്മര്‍ദ്ദമുണ്ടാവുകയായിരുന്നത്. സ്വകാര്യ സ്ഥാപന ഉടമ പരാതി നല്‍കിയിട്ടുണ്ടെന്നും സൗത്ത് ലൈവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പൂട്ടിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നുമായിരുന്നു സൈബര്‍ വിഭാഗത്തില്‍ നിന്നും വിളിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നത്. ഈ പശ്ചാതലത്തിലാണ് നടപടി ആവശ്യപ്പെട്ട് സൗത്ത് ലൈവ് അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ഈ പരാതിയടക്കം നിരവധി ആക്ഷേപങ്ങള്‍ സൈബര്‍ വിഭാഗത്തില്‍ എസ് ശ്രീജിത്ത് ചുമതലയേറ്റതിന് പിന്നാലെ ഉണ്ടായിട്ടുണ്ട്. ഇത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ഇടപെട്ട് ശ്രീജിത്തിനെ സൈബര്‍ ചുമതലയില്‍ നിന്നും മാറ്റാനുള്ള സാധ്യതയുണ്ടെന്നും നിയമവിദഗ്ധര്‍ പറയുന്നു. എസ് ശ്രീജിത്ത് സൈബര്‍ ചുമതലയില്‍ തുടര്‍ന്നാല്‍ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടക്കില്ലന്ന പരാതി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ക്കിടയിലും ശക്തമാണെന്നിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷന് ഇതും പരിഗണിക്കേണ്ടതായി വരും.

ഇപ്പോള്‍ നഷ്ടമായിരിക്കുന്ന കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്റെ പ്രസിഡന്റിന്റെ സ്ഥാനവും എഡിജിപിയ്ക്ക് കിട്ടേടതായിരുന്നില്ല. കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്റെ നിയമ പ്രകാരം പ്രസിഡന്റ് സ്ഥാനം പൊലീസ് ആസ്ഥാനത്തെ ഐ.ജിയാണ് വഹിക്കേണ്ടത്. ഇത് ഒരു എക്‌സ് ഒഫീഷ്യോ പദവിയാണ്. പൊലീസ് ആസ്ഥാനത്ത് ഐജിയുടെ ചുമതലയില്‍ ഉദ്യോഗസ്ഥനില്ലാത്തതിനാല്‍ എഡിജിപി ശ്രീജിത്താണ് ചുമതല വഹിച്ചിരുന്നത്. എന്നാല്‍, ഐജി നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തെ ഐജി ആയി നിയമിച്ച ശേഷവും റൈഫിള്‍ അസോസിയേഷന്റെ പ്രസിഡന്റിന്റെ ചുമതല ശ്രീജിത്തില്‍ നിന്നും എടുത്ത് മാറ്റി നിശാന്തിനിക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് ചീഫ് തയ്യാറായിരുന്നില്ല. ഇത് സംസ്ഥാന പൊലീസ് ചീഫിനു മുകളില്‍ നടന്ന ബാഹ്യ ഇടപെടല്‍ മൂലമാണെന്ന പരാതിയും ഉയര്‍ന്നിരുന്നു.

Read more

കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്റെ സാമ്പത്തിക ഇടപാടുകളില്‍ എഡിജിപിക്ക് വഴിവിട്ട ബന്ധമുള്ളതിനാലാണ് ഐജിക്ക് ചാര്‍ജ് കൈമാറാതിരിക്കുന്നത് എന്നതു സംബന്ധിച്ച് രേഖാമൂലം പരാതി വന്നതോടെയാണ് ശ്രീജിത്തിനെ ഇപ്പോള്‍ ചുമതലയില്‍ നിന്നും മാറ്റാന്‍ സംസ്ഥാന പൊലീസ് ചീഫ് നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചന. റൈഫിള്‍ അസോസിയേഷനുകളുമായി ബന്ധപ്പെട്ട നിയമനടപടികളില്‍, കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ ഒരു അംഗീകൃത സംസ്ഥാന കായിക സംഘടനയാണെന്നും 2000 ലെ കേരള സ്‌പോര്‍ട്‌സ് ആക്ടും 2008 ലെ കേരള സ്‌പോര്‍ട്‌സ് നിയമങ്ങളും പാലിക്കാന്‍ ബാധ്യസ്ഥമാണെന്നും കേരള ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ആ ചട്ടക്കൂടില്‍ അസോസിയേഷനുകള്‍ക്ക് ഒരു ലിഖിത ഭരണഘടന ഉണ്ടായിരിക്കുകയും സ്വന്തം ഭരണ നിയമങ്ങള്‍ പാലിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.