ശശി തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന് കെ മുരളീധരൻ. പാർട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും മുരളീധരൻ പറഞ്ഞു.
തരൂരിൻറെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാർട്ടി പ്രവർത്തകരെ തരൂർ മറന്നുവെന്നും മുരളീധരൻ വിമർശിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം പാർട്ടിയെ വിമർശിക്കാനുള്ള ആയുധമാക്കരുതെന്നും മുരളീധരൻ പറഞ്ഞു.
അതിനിടെ സിപിഐഎം മുഖപത്രം ദേശാഭിമാനിയും സിപിഐ മുഖപത്രം ജനയുഗവും ശശി തരൂരിനെ പിന്തുണച്ചു. കോൺഗ്രസിനെ വിമർശിച്ചാണ് ദേശാഭിമാനിയുടെ മുഖപത്രം. ഈ നാട്ടിൽ ഒന്നും സംഭവിക്കുന്നില്ല എന്ന് പറയാൻ അസാമാന്യ തൊലിക്കട്ടിയും ഉളുപ്പും വേണം. പ്രതിപക്ഷ നേതാവും ഒരുപറ്റം കോൺഗ്രസുകാരും ചില മാധ്യമങ്ങളും ഈ ഗണത്തിൽപ്പെടും. ശശി തരൂരിനെയും ഇക്കൂട്ടർ തള്ളിപ്പറയുന്നുവെന്ന് ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.
ഒന്നിനെയും അംഗീകരിക്കില്ല എന്നതാണ് ഇവരുടെ നയമെന്നും കേന്ദ്രം കേരളത്തെ ദ്രോഹിക്കുമ്പോൾ കയ്യടിക്കുന്നുവെന്നും മുഖുപത്രത്തിൽ വിമർശനം. ഈ നീചമനസ്ഥിതി കേരളം തിരിച്ചറിയണമെന്ന് ദേശാഭിമാനി പറയുന്നു. ശശി തരൂരിന്റെ അഭിപ്രായം യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതെന്ന് ജനയുഗത്തിന്റെ മുഖപത്രം. വ്യക്തികളെയോ എൽഡിഎഫ് നേതാക്കളെയോ പ്രീണിപ്പിക്കുന്നതല്ല തരൂരിന്റെ ലേഖനമെന്നും ജനയുഗം പറഞ്ഞു.