നടപടി ആഭ്യന്തരകാര്യം; സന്ദീപ് വാര്യരെ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതിനെ കുറിച്ച് കെ. സുരേന്ദ്രന്‍

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ മാറ്റിയതില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . എന്തിന് മാറ്റി എന്നത് വിശദീകരിക്കേണ്ട കാര്യമില്ല. വക്താവ് സ്ഥാനത്തെ കുറിച്ച് പാര്‍ട്ടിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് വാര്യര്‍ക്കെതിരെ നാല് ജില്ലാ പ്രസിഡന്റുമാര്‍ പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

കോട്ടയത്ത് രാവിലെ കോര്‍ കമ്മിറ്റി യോഗവും ഉച്ചയ്ക്ക് സംസ്ഥാന ഭാരവാഹി യോഗവും ചേര്‍ന്നിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ‘പ്രഭാരി’, പ്രകാശ് ജാവ്‌ദേക്കറുടെ സാധ്യത്തിലായിരുന്ന യോഗം.

സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്ക് ഒടുവിലാണ് യുവനേതാവ് സന്ദീപ് വാര്യര്‍ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് പുറത്താകുന്നത്. വക്താവ് സ്ഥാനത്തുനിന്ന് സന്ദീപിനെ മാറ്റാനുള്ള കാരണം വ്യക്തമാക്കാന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തയ്യാറായില്ല. നടപടി പാര്‍ട്ടിയുടെ സംഘടനാപരമായ ആഭ്യന്തര കാര്യമാണെന്നായിരുന്നു കെ.സുരേന്ദ്രന്റെ വിശദീകരണം.