വീണ്ടും റേസിംഗിനിടെ അപകടം; നെയ്യാറില്‍ യുവാവിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങി

തിരുവനന്തപുരത്ത് ബൈക്ക് റേസിംഗിനിടെ ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. നെയ്യാർഡാം റിസർവോയറിന് സമീപമാണ് അപകടം . ഇവിടെ സ്ഥിരം ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്ന നാട്ടുകാരുടെ പരാതി നിലനിൽക്കവെയാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്.

യുവാക്കൾ ബൈക്ക് റേസിംഗ് നടത്തവെ അതുവഴി വന്ന നാട്ടുകാരിൽ ഒരാളുടെ ബുള്ളറ്റുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ കാല് ഒടിഞ്ഞു തൂങ്ങി. വട്ടിയൂർക്കാവ് സ്വദേശിയായ ഉണ്ണികൃഷ്‌ണനാണ് പരിക്കേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങളിൽ നാട്ടുകാരുടെ മർദ്ദനവും ഇവർക്ക് ഏൽക്കുന്നത് കാണാം. ഉണ്ണികൃഷ്‌ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Read more

മൂന്ന് ബൈക്കുകളിലായി ഏഴു യുവാക്കളാണ് റേസിംഗ് നടത്തിയതെന്നാണ് സൂചന. നെയ്യാർഡാം റിസർവോയർ പ്രദേശത്ത് സ്ഥിരമായി ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്ന് നാട്ടുകാർ നിരന്തരം പരാതിപെട്ടിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. ആറുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് സമാനരീതിയിൽ ഉള്ള അപകടമുണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.