ആര്‍.എസ്.എസ് നോമിനിയെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കാം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍

ഗവര്‍ണര്‍ സമാന്തര ഭരണത്തിന് ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടുക തന്നെ ചെയ്യും.

ആരോപിക്കുന്നത് പോലെ താന്‍ ആര്‍എസ്എസ് നോമിനിയല്ല. രാജ്ഭവന്‍ ഒരു രാഷ്ട്രീയ നിയമനങ്ങളും നടത്തിയിട്ടില്ല. അങ്ങനെ മുഖ്യമന്ത്രി തെളിയിച്ചാല്‍ താന്‍ രാജിവെക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ ഒമ്പത് യൂനിവേഴ്‌സിറ്റികളുടെ വൈസ് ചാന്‍സിലര്‍മാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. വി.സിമാരുടെ വിശദീകരണം ലഭിച്ചിട്ടില്ല. വി.സിമാര്‍ക്ക് നേരിട്ട് കാണാന്‍ നവംബര്‍ ഏഴ് വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വി.സിമാരുടെ ശമ്പളം പിടിക്കുന്നതിലും തീരുമാനമായിട്ടില്ല. അനാവശ്യമായി താന്‍ ഇടപെടല്‍ നടത്തിയതിന് മുഖ്യമന്ത്രി തെളിവ് നല്‍കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.