മഹാരാജാസ് കോളജ് സംഘര്‍ഷം; കൊച്ചി ഹാര്‍ബര്‍ പാലത്തിനു മുകളില്‍ ആത്മഹത്യാഭീഷണിയുമായി യുവാവ്

മഹാരാജാസ് കോളേജിലെ കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷത്തില്‍ അറസ്റ്റിലായ അനുജനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് സഹോദരന്റെ ആത്മഹത്യാ ഭീഷണി. കൊച്ചി തോപ്പുംപടി പാലത്തിനു മുകളില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. യുവാവിനെ രക്ഷപ്പെടുത്തി. ഫോര്‍ട്ട് കൊച്ചി സ്വദേശി കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.


മഹാരാജാസിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ഇയാളുടെ സഹോദരന്‍ മാലിക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു. അദ്ദേഹത്തെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാഭീഷണിയെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച കൊച്ചി ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയാണ് മാലിക്.

അതേസമയം, അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചതായി അധികൃതര്‍ അറിയിച്ചു. ഉടന്‍ പോലീസ് സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേരും. കഴിഞ്ഞ ദിവസം കോളേജില്‍ പ്രിന്‍സിപ്പലിനെ കെ.എസ്.യു. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരുന്നു.

സംഘര്‍ഷത്തില്‍ എട്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും ഏഴ് കെ.എസ്.യു.ക്കാര്‍ക്കുമാണ് പരിക്കേറ്റത്. എസ്.എഫ്.ഐ. മഹാരാജാസ് യൂണിറ്റ് സെക്രട്ടറി അമല്‍ജിത്തിന്റെ കൈ ഒടിഞ്ഞു. വൈസ് പ്രസിഡന്റ് റൂബിക്ക് തലയ്ക്ക് പരിക്കുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് എസ്.എഫ്.ഐ. പ്രവര്‍ത്തകരായ സ്വാലിഹ്, അമീന്‍ അന്‍സാരി, വിഷ്ണു, റയീസ്, ജെറി, ജാഫര്‍ എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാണ്.

കെ.എസ്.യു. യൂണിറ്റ് ജനറല്‍ സെക്രട്ടറി റോബിന്‍സണ്‍, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ മുക്താര്‍, റെയ്സ്, ഫാസില്‍, പ്രവര്‍ത്തകരായ നിയാസ്, മുഹ്സിന്‍, ഹെന്ന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രാത്രിയോടെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

കോളേജില്‍ മൂന്നു മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. കാമ്പസിനുള്ളില്‍ നേരത്തേയുണ്ടായ സംഘര്‍ഷത്തെ ചൊല്ലി ഒരു സംഘം വിദ്യാര്‍ഥികളും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.