ചാലക്കുടിയുടെ 'അൻപുമകനെ' വരവേറ്റ് ആദിവാസി കോളനികൾ

ചാലക്കുടിയിലെ എൽ ഡി എഫ് സാരഥി ഇന്നസെന്റിനെ നെഞ്ചോട് ചേർത്ത് മണ്ഡലത്തിലെ വിവിധ ആദിവാസി കോളനികൾ അദ്ദേഹത്തിന് സ്വീകരണമൊരുക്കി.

വെളിച്ചത്തിലേക്കും പുറംലോകത്തേക്കും വഴിയൊരുക്കിയ സ്വന്തം എം.പിയെ കാണാൻ ഓരോ കോളനിയിലെയും ജനങ്ങൾ കാത്തുനിന്നു, സ്നേഹപ്പൂച്ചെണ്ടുകളുമായി. “ഞങ്ങൾക്ക് വെളിച്ചവും റോഡും തന്നത് അദ്ദേഹമാണ്, ഞങ്ങളുടെ പെരിയോൻ” – അവർ പ്രഖ്യാപിച്ചു. ഇടതുപക്ഷത്തോട് ആദിവാസികൾ പുലർത്തുന്ന ഹൃദയബന്ധം പ്രകടമാകുന്ന സ്വീകരണമായിരുന്നു കോളനികളിൽ ഇന്നസെന്റിന് ലഭിച്ചത്. നെയ്തുണ്ടാക്കിയ മുറം നൽകിയാണ് അടിച്ചിൽ തൊട്ടിയിലെ മുതുവ സ്ത്രീകൾ വരവേറ്റത്. കാട്ടുതേനും കാട്ടുപൂക്കളും നൽകി മറ്റ് കോളനിവാസികൾ സ്വീകരിച്ചു.
അടിച്ചിൽ തൊട്ടി കോളനി റോഡ്, തവളക്കുഴിപ്പാറ കോളനി റോഡ്, വാച്ച്മരം കോളനി റോഡ് തുടങ്ങി നിരവധി റോഡുകൾ സാങ്കേതിക തടസ്സങ്ങളെല്ലാം മറികടന്ന് പൂർത്തിയാക്കിയത് ഇന്നസെന്റ് എംപിയുടെ ശ്രമഫലമായാണ്. വനാന്തരങ്ങളിലെ ഒറ്റപ്പെട്ട ജീവിതത്തിൽ നിന്ന് പുറംലോകവുമായുള്ള ബന്ധമാണ് ഈ റോഡുകൾ സാധ്യമാക്കിയത്. അസുഖം വന്നാൽ ആശുപത്രിയിലെത്തിക്കാൻ മുമ്പ് ഇവർക്ക്  കഴിഞ്ഞിരുന്നില്ല. എല്ലാ കോളനികളും വൈദ്യുതീകരിക്കാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്.

ചാലക്കുടിയുടെ എം എൽ എ ബി ഡി ദേവസി , ഇന്നസെന്റ്  തുടങ്ങിയ ജനപ്രതിനിധികളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഇത് സാധ്യമായത്. വന്യജീവി ശല്യത്തിന്റെ ഭീഷണിയില്‍ അമർന്നുകിടന്ന ആദിവാസി കോളനികളിൽ വൈദ്യുതി എത്തിയതോടെയാണ് ആശ്വാസമായത്. ഈ വികസന നേട്ടങ്ങളാണ് ആദിവാസികളെ ഇടതുപക്ഷത്ത് ഉറച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്നത്.
വാച്ച്മരം, പുകയിലപ്പാറ, ഷോളയാർ, ആനക്കയം, പെരിങ്ങൽ, മുക്കുംപുഴ, തവളക്കുഴിപ്പാറ, അടിച്ചിൽതൊട്ടി, പെരുംമ്പാറ, വെട്ടിചുട്ടകാട് തുടങ്ങിയ കോളനികളിലായി താമസിക്കുന്ന നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കെത്തി. ചികിത്സാസൗകര്യത്തിനായി നടപ്പിലാക്കിയ മൊബൈൽ ക്ലിനിക്, സഞ്ചരിക്കുന്ന മാവേലി സ്റ്റോർ, റേഷൻ കോളനിയിലെത്തിക്കുന്ന നടപടി തുടങ്ങി അവരുടെ ജീവിതത്തെ ക്ഷേമപൂർണമാക്കാൻ സഹായിക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

ഓരോ കേന്ദ്രത്തിലും തൊഴിലാളികൾ കുടുംബസമേതമാണ‌് പ്രിയ സ്ഥാനാർത്ഥിയെ വരവേൽക്കാനെത്തിയത‌്. തമിഴ‌് സംസാരിക്കുന്നവർ അധികമുള്ള ഇവിടെ തമിഴിൽ സംസാരിച്ച‌് ഇന്നസെന്റ‌് അവരുടെ കൈയടി നേടി. ‘അൻപാർന്ന തോട്ടം തൊഴിലാളി മക്കളേ’ എന്നാരംഭിക്കുന്ന പ്രസംഗം നീണ്ട കരഘോഷത്തോടെയാണ‌് തോട്ടം തൊഴിലാളികൾ സ്വീകരിച്ചത‌്.