കേരള പൊലീസിനും എട്ടിന്റെ പണി കൊടുത്ത് സൈബര്‍ തട്ടിപ്പ് സംഘം; സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് തട്ടിയെടുത്തത് കാല്‍ ലക്ഷം

സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ കുടുങ്ങി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസും. 25,000 രൂപയാണ് സിറ്റി പൊലീസ് കമീഷണറുടെ ഓഫീസില്‍ നിന്ന് സൈബര്‍ തട്ടിപ്പ് സംഘം അടിച്ചെടുത്തത്. കമ്മീഷണര്‍ ഓഫീസിലെ പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ സന്ദേശവുമെത്തുന്ന അക്കൗണ്ട്‌സ് ഓഫീസറുടെ മൊബൈല്‍ നമ്പരില്‍നിന്നാണ് പണം തട്ടിയെടുത്തത്.

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നിരന്തരം മുന്നറിയിപ്പ് നല്‍കുന്ന പൊലീസില്‍ നിന്ന് തന്നെ പണം കവര്‍ന്നത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കേരള പൊലീസിന്റെ സാമൂഹ്യ മാധ്യമ പേജുകളിലൂടെയും പൊതു പരിപാടികളിലൂടെയും കെവൈസിയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ഉപഭോക്താക്കളെ ബന്ധപ്പെടാറില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്ന പൊലീസിനാണ് ഇത്തവണ പണി കിട്ടിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്കില്‍ നിന്നെന്ന് വിശ്വസിപ്പിച്ച് എത്തിയ സന്ദേശത്തിലൂടെ ഉദ്യോഗസ്ഥന്‍ തട്ടിപ്പിനിരയായത്. കെവൈസി ഉടന്‍ പുതുക്കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമെന്നായിരുന്നു സന്ദേശമെത്തിയത്. തുടര്‍ന്ന് ഓഫീസിലെ അക്കൗണ്ട് ഓഫീസര്‍ മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തു.

പിന്നാലെ തട്ടിപ്പ് സംഘം ആവശ്യപ്പെട്ട ഒടിപിയും അക്കൗണ്ട് ഓഫീസര്‍ നല്‍കി. വൈകാതെ എസ്ബിഐയുടെ ജഗതി ശാഖയില്‍നിന്ന് 25,000 രൂപ പിന്‍വലിക്കപ്പെട്ടതായുള്ള സന്ദേശമെത്തി. ഇതോടെയാണ് ഉദ്യോഗസ്ഥന് തട്ടിപ്പ് മനസിലായത്. ഉടന്‍തന്നെ സൈബര്‍ പൊലീസിനെ വ്ിവരം അറിയിച്ചു. ഇതോടെ പൊലീസിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനായി. തട്ടിപ്പിന് പിന്നിലുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.