ആലുവയിലെ ഹോട്ടലില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണം; മേശകളും കമ്പ്യൂട്ടറുകളും അടിച്ചു തകര്‍ത്തു

ആലുവയില്‍ ഒരു ഹോട്ടലില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണം. ആലുവ പുളിഞ്ചോടിലാണ് സംഭവം. ഹോട്ടലിലെ ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും ക്യാഷ് കൗണ്ടറുമെല്ലാം സംഘം അടിച്ചു തകര്‍ത്തു. മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് ആക്രമണം നടന്നത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ ഹോട്ടല്‍ ഉടമയായ ആലുവ സ്വദേശി ദിലീപിന് പരിക്കേറ്റു. കൈക്കും തലയ്ക്കും സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം ഉണ്ടായത്.

മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ജിവനക്കാര്‍ പറയുന്നു. ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയ സംഘം ആദ്യം കാറിലിരുന്ന് ഓര്‍ഡര്‍ ചെയ്തു. കാറില്‍ ഭക്ഷണം നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഹോട്ടലിലേക്ക് കയറി ഭക്ഷണം വാങ്ങി. ഭക്ഷണത്തിന് പണം വേണോ എന്ന് ചോദിച്ച ഇവര്‍ പിന്നീട് ഗൂഗിള്‍പേ ആയി പണം നല്‍കി.

സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പിന്നീട് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യണമെന്നറിയിച്ചു. ചാര്‍ജ് ചെയ്തതിനു ശേഷം ചാര്‍ജര്‍ കൂടി നല്‍കാനും ആവശ്യപ്പെട്ടു. അതിന് കഴിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അതികരമമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഈ സംഘം പോയി അല്പം സമയം കഴിഞ്ഞാണ് മുഖംമൂടി ധരിച്ച അക്രമികള്‍ എത്തിയത്.

Read more

നേരത്തെ വന്ന് പ്രശ്‌നം ഉണ്ടാക്കിയ ആളുകള്‍ ധരിച്ച അതേ വസ്ത്രം ധരിച്ചെത്തിയതിനാല്‍ അക്രമികളെ മനസ്സിലായി. മുമ്പ് ഒരു തവണ ഇവര്‍ കാറിലെത്തി പാഴ്സല്‍ വാങ്ങുകയും കാശ് നല്‍കാതെ പോകുകയും ചെയ്തിരുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു.