കണ്ണൂര്‍ ധര്‍മ്മശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മൈക്ക് പണിമുടക്കി. പക്ഷേ ദേഷ്യവും അസ്വസ്ഥതയും ഒന്നുമല്ല മുഖ്യമന്ത്രിക്കുണ്ടായ ഭാവം, സരസമായി വിഷയത്തെ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏവരേയും ഞെട്ടിച്ചു. ”സാധാരണ ഞാന്‍ ഉണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളി”യാണെന്നും നേരത്തേ തന്നെ തുടങ്ങിയതാണെന്നുമാണ് മുഖ്യമന്ത്രി മൈക്ക് തകരാറിലായപ്പോള്‍ പ്രതികരിച്ചത്.
തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോഴാണ് മൈക്കില്‍നിന്നു ശബ്ദം ഉയര്‍ന്നത്. പ്രസംഗം നിര്‍ത്തിയും തുടങ്ങിയും തടസ്സപ്പെട്ടെങ്കിലും മുഖ്യമന്ത്രി വിഷയം തമാശരീതിയില്‍ കൈകാര്യം ചെയ്തു. മുഖ്യമന്ത്രി പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ തന്നെ മൈക്കില്‍നിന്നു ശബ്ദം ഉയരാന്‍ തുടങ്ങിയിരുന്നു. ഇതോടെ പ്രസംഗം നിര്‍ത്തി. വീണ്ടും പ്രസംഗം ആരംഭിച്ചപ്പോഴും ശബ്ദം ഉയര്‍ന്നു. ഇതോടെയാണ് മൈക്കിന്റെ തകരാറിനെക്കുറിച്ചു സരസഭാഷയില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.
മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും മൈക്കും മൈക്ക് ഓപ്പറേറ്ററുടെ അവസ്ഥയുമെല്ലാം പലകുറി വാര്‍ത്തയായിട്ടുണ്ട്. പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായതുമൂലം പ്രകോപിതനായ മുഖ്യമന്ത്രിയുടെ ക്രുദ്ധനായ നോട്ടം ട്രോളുകള്‍ക്കും ഇടയാക്കിരുന്നു. എന്നാല്‍ നിലവിലെ ഘട്ടത്തില്‍ സരസമായി പ്രതികരിച്ചു മുഖ്യമന്ത്രി മുന്‍സംഭവങ്ങളെ മറവിയിലേക്ക് തള്ളിയിട്ടു. എം.വി. ഗോവിന്ദന്‍ പ്രസംഗിച്ചപ്പോഴും മൈക്കില്‍നിന്ന് ശബ്ദം ഉയര്‍ന്നിരുന്നു.
നവകേരള സര്‍വേയുടെ യഥാര്‍ഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതില്‍ പ്രകോപിതരാകാതെ കാര്യങ്ങള്‍ വിവരിക്കണമെന്ന് മുഖ്യമന്ത്രി എടുത്തുപറയുന്നുണ്ടായിരുന്നു. എന്തായാലും മുഖ്യമന്ത്രി പ്രകോപിതനാകാതെ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അണികള്‍ക്ക് മൈക്ക് വിഷയത്തില്‍ കാണിച്ചുകൊടുത്തിട്ടുണ്ട്.
Read more
മൈക്ക് പ്രശ്‌നമുണ്ടാക്കിയെങ്കിലും പ്രസംഗത്തില്‍ മുഖ്യമന്ത്രി കടുപ്പിച്ചു തന്നെ നിന്നു. ലൈഫ് പദ്ധതി സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പ്രസംഗത്തില്‍ ആരോപിച്ചു. പദ്ധതിയുടെ ആകെ ചെലവ് 21,000 കോടി രൂപയാണ്. അതില്‍ 2,300 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതം. 2016ല്‍ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയുണ്ടായിരുന്നു. അതിന് പരിഹാരം കാണാന്‍ വേണ്ടിയാണ് ഹരിത കേരള മിഷന്‍ രൂപീകരിച്ചത്. പദ്ധതിയിലൂടെ സംസ്ഥാനത്ത് നല്ല മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയില്‍ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം, മഹാത്മാ അയ്യങ്കാളി പുരസ്‌കാരം, സ്വരാജ് മാധ്യമ പുരസ്‌കാരം, ലൈഫ് മിഷന്‍ പുരസ്‌കാരം, ശുചിത്വ ഗ്രേഡിങ് പുരസ്‌കാരം എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു.







