ബലിതർപ്പണത്തിന് പോയവരിൽ നിന്നും 2000 രൂപ പിഴ വാങ്ങി, നൽകിയത് 500 രൂപയുടെ രസീത്

തിരുവനന്തപുരത്ത് ബലിതർപ്പണത്തിന് പോയവരിൽ നിന്നും പിഴ ചുമത്തിയ പൊലീസിനെതിരെ പരാതി. ബലിതർപ്പണത്തിന് പോയ കുടുംബത്തിൽ നിന്നും 2000 രൂപ പൊലീസ് പിഴ ഈടാക്കി എന്നാണ് പരാതി. പത്തൊൻപതുകാരനും അമ്മയും സഞ്ചരിച്ച കാർ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് പിഴ ഈടാക്കുകയായിരുന്നു. 2000 രൂപ പിഴ അടച്ചിട്ട് 500 രൂപയുടെ രതീസ് നൽകി തിരിച്ചയക്കുകയും ചെയ്തു.

യാത്രയുടെ വിവരം പോലും ചോദിക്കാതെയാണ് നടപടിയെടുത്തതെന്നാണ് പരാതിക്കാർ പറയുന്നത്. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം നടന്നത്. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. രസീത് നൽകിയതിൽ സംഭവിച്ച പിഴവാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

Read more

അതേസമയം കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച്‌ ബലിതർപ്പണം നടത്തിയതിന് കോഴിക്കോട് 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബലിയിടാന്‍ കടപ്പുറത്ത് ആള്‍ക്കൂട്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്ന് സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നു. ഈ നിർദ്ദേശം പാലിച്ച് ഭൂരിഭാഗം വിശ്വാസികളും വീട്ടിൽ ഇരുന്നാണ് ബലിതർപ്പണം നടത്തിയത്.