സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; നവകേരള സദസിനായി ഫണ്ട് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നവകേരള സദസിനായി ഫണ്ട് ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. നവകേരള സദസിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് പണം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പണം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.

പറവൂര്‍ നഗരസഭ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. നവകേരള സദസിനായി ഫണ്ട് അനുവദിച്ച് ചെക്കില്‍ ഒപ്പിട്ട നഗരസഭ സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ട് ഉപയോഗിക്കാന്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു.

50,000 മുതല്‍ 3 ലക്ഷം രൂപ വരെയാണ് ചിലവഴിക്കാന്‍ അനുമതി നല്‍കിയിരുന്നത്. സംഘാടക സമിതി ആവശ്യപ്പെടുന്നത് അനുസരിച്ച് പണം നല്‍കാം. ഭരണസമിതിക്കോ സെക്രട്ടറിക്കോ പണം അനുവദിക്കാം എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. പാലക്കാട് ജില്ലയിലാണ് ഇന്ന് നവകേരള സദസ് പര്യടനം നടത്തുന്നത്. പര്യടന ദിവസങ്ങളില്‍ പ്രതിഷേധ സാധ്യതയുള്ളതിനാല്‍ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.