7100 കോടി റവന്യൂ കുടിശ്ശിക അഞ്ച് വര്‍ഷമായി പിരിച്ചിട്ടില്ല; സര്‍ക്കാരിന് എതിരെ സി.എ.ജി റിപ്പോര്‍ട്ട്

റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ധനവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷമായി 7100 കോടി രൂപയുടെ കുടിശിക പിരിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. 12 വകുപ്പുകളിലായാണ് ഇത്രയും തുക പിരിക്കാനുള്ളത്.

തെറ്റായ നികുതി നിരക്ക് ചുമത്തിയതില്‍ 18.57 കോടി രൂപ നഷ്ടം വന്നതായും ആരോപണമുണ്ട്. 36 പേരുടെ നികുതി നിരക്കാണ് തെറ്റായി ചുമത്തിയത്. യോഗ്യത ഇല്ലാത്ത ഇളവ് ക്ലെയിം ചെയ്തു നല്‍കിയതില്‍ 11.09 കോടി രൂപയാണ് നഷ്ടം ഉണ്ടായത്. തെറ്റായ നികുതി നിര്‍ണയം നടത്തിയത് മൂലം ഏഴ് കോടി രൂപ കുറച്ച് പൂരിപ്പിച്ചു എന്നും റിപ്പോര്‍ട്ട് പറയുന്നു.

നികുതി രേഖകള്‍ കൃത്യമായി പരിശോധിക്കാത്തത് മൂലം നികുതി പലിശ ഇനത്തില്‍ 7.54 കോടി കുറഞ്ഞു. വാര്‍ഷിക റിട്ടേണില്‍ അര്‍ഹത ഇല്ലാതെ ഇളവ് നല്‍കിയത് വഴി 9.72 കോടി കുറഞ്ഞു. വിദേശ മദ്യ ലൈസന്‍സുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷം കുറഞ്ഞു.

നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് ലൈസന്‍സ് നല്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫ്‌ളാറ്റുകളുടെ മൂല്യനിര്‍ണയം നടത്തി. സ്റ്റാമ്പ് തീരുവയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഒന്നരക്കോടിയുടെ കുറവ് വന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.