നിപ: 51 പേരുടെ പരിശോധനാ ഫലം ഇന്നറിയാം, തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാർത്ഥി നെഗറ്റീവ്

സംസ്ഥാനത്ത് നിപ ബാധിതരുമായി സമ്പർക്കത്തിലായ 51 പേരുടെ പരിശോധനാ ഫലം ഇന്നറിയാം. സമ്പർക്കപ്പട്ടികയിൽ ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ഫലമാണ് ഇന്നറിയുന്നത്. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവാണ്. കോഴിക്കോട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാ ഫലമാണ് ലഭിച്ചിരിക്കുന്നത്. രോഗലക്ഷങ്ങളോടെ ഐസൊലേഷൻ വാർഡിൽ കഴിയുകയായിരുന്നു വിദ്യാർത്ഥി.

കോഴിക്കോട് നിപ വ്യാപനം നിയന്ത്രണ വിധേയമാകുന്നതായി ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 4 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. നിപ സ്ഥിരീകരിച്ച് വെന്റിലേറ്ററിൽ കഴിയുന്ന 9 വയസുകാരന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. ചികിത്സയിലുള്ള മറ്റ് 3 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

നിലവിൽ ആകെ 1192 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. നിപ ജാഗ്രതയുടെ ഭാഗമായി ജില്ലയിൽ പൊതുപരിപാടികൾക്കുൾപ്പെടെ കർശന നിയന്ത്രണമാണുള്ളത്. വിദ്യഭ്യസ സ്ഥാപനങ്ങൾ 23 വരെ അടച്ചിടും. ക്ളാസുകൾ ഓൺലൈനായി തുടരും. നിപ ബാധിത മേഖലകളിലെ പഠനത്തിനായി കേന്ദ്രമൃഗ സംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം നാളെ കോഴിക്കോടെത്തും.