ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച നാല് ബി.ജെ.പിക്കാര്‍ പിടിയില്‍, സി.പി.എമ്മിന് എതിരെയുള്ള സന്ദീപ് വാര്യരുടെ നീക്കം പാളി

മങ്കട രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാര്‍ക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി വിനീത് (29), മണ്ണാര്‍ക്കാട് പാലക്കയം പുത്തന്‍ പുരക്കല്‍ ജിജോ ജോണ്‍(30) എന്നിവരാണ് മങ്കട പൊലീസിന്റെ പിടിയിലായത്. നാല് പേരും ബിജെപി പ്രവര്‍ത്തകരാണ്. ഇതോടെ ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന ബിജെപി നേതാക്കളുടെ വാദം പൊളിഞ്ഞു. വീട് ആക്രമിച്ചത് സിപിഎം ആണെന്ന് വരുത്തി തീര്‍ക്കാനും, രാഷ്ട്രീയവത്കരിക്കാനും ബിജെപി ശ്രമിച്ചിരുന്നു.

ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം. രാമപുരം കോനൂര്‍ കാവുങ്കല്‍ ചന്ദ്രന്റെ വീട്ടില്‍ ഒരു സംഘം അതിക്രമിച്ച് കയറി വീട് തകര്‍ക്കുകയായിരുന്നു. വീട്ടുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്രമത്തിന് പിന്നാലെ സന്ദീപ് വാര്യര്‍ അടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ സിപിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു. ഹിന്ദു ഐക്യവേദി പ്രതിഷേധയോഗം നടത്തി.

എന്നാല്‍ അക്രമത്തിന് കാരണം പരാതിക്കാരനും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതോടെ പ്രതികള്‍ ബിജെപിക്കാര്‍ തന്നെയെന്ന് തെളിഞ്ഞു. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. മങ്കട പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍, എസ് ഐ വിജയരാജന്‍, രാജേഷ്, രജീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസന്വേഷണം നടത്തിയത്.

അതേസമയം കേസില്‍ വെളിച്ചത്ത് വന്നത് ബിജെപി യുടെ ഗൂഢാലോചനയാണെന്ന് സിപിഎം പുഴക്കാട്ടിരി ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. സിപിഎമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള പദ്ധതികള്‍ നടന്നു. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ അടക്കമുള്ള നേതാക്കള്‍ അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് പ്രചരിപ്പിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന രാമപുരത്ത് കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തി. സിപിഎമ്മിനെതിരെ കൊലവിളി മുദ്രാവാക്യവുമായി അണികളെ കൊണ്ട് ബിജെപി പ്രകടനം നടത്തി. സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചാരണം നടത്തിയെന്നും സിപിഎം പറഞ്ഞു.