പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് 4,000 കോടിയുടെ വികസന പദ്ധതികള്‍; മോദിയെ വീണ്ടും വരവേല്‍ക്കാനൊരുങ്ങി കൊച്ചി

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി ഇന്ന് 4,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപണി ശാല, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുക.

1799 കോടി രൂപ ചെലവിലാണ് പുതിയ ഡ്രൈ ഡോക്ക് തയ്യാറാക്കിയിരിക്കുന്നത്. ഉയര്‍ന്ന സുരക്ഷ പ്രദാനം ചെയ്യുന്ന ഡ്രൈ ഡോക്കിന് താരതമ്യേന പാരിസ്ഥിതിക ആഘാതം കുറവാണ്. രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി ശാലയ്ക്കായി ചെലവഴിച്ചിരിക്കുന്നത് 970 കോടി രൂപയാണ്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് പദ്ധതി തയ്യാറാക്കിയത്.

1236 കോടി രൂപ ചെലവഴിച്ചാണ് ഐഒസിയുടെ പുതിയ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ സ്ഥാപിച്ചിട്ടുള്ളത്. പുതുവൈപ്പിനില്‍ സ്ഥാപിച്ച ടെര്‍മിനല്‍ 15400 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ളതാണ്. എല്‍ പി ജി വിതരണത്തില്‍ പ്രതിവര്‍ഷം 150 കോടിയുടെ ചിലവ് കുറക്കാനും 18000 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനും ഈ ടെര്‍മിനല്‍ സഹായിക്കും.