'ചാറ്റിലുള്ളത് പ്രതിഷേധിക്കാനുള്ള തീരുമാനം മാത്രം, വധഗൂഢാലോചനയില്ല'; കെ. എസ് ശബരിനാഥന്റെ ജാമ്യ ഉത്തരവില്‍ കോടതി

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധം ആഹ്വാനം ചെയ്തുകൊണ്ടുള്ള വാട്‌സ്ആപ്പ് സന്ദേശം വധശ്രമത്തിന് ഗൂഢാലോചന നടത്തിയെന്നതിന്റെ തെളിവല്ലെന്ന് കോടതി. മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചനാ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം ശബരിനാഥന് ജാമ്യം അനുവദിച്ചത്. വധശ്രമ ഗൂഢാലോചന തെളിയിക്കുന്ന ഒരു തെളിവും ശബരിനാഥന് എതിരെ ഹാജരാക്കാര്‍ കഴിഞ്ഞില്ല. വാട്‌സ്ആപ്പ് സന്ദേശം പ്രതിഷേധത്തിനുള്ള ആഹ്വാനമായി മാത്രമേ കാണാന്‍ കഴിയൂ. സംഭവത്തില്‍ മറ്റു മൂന്ന് പ്രതികളുടെ ഫോണുകള്‍ നേരത്തെ പരിശോധിച്ചിരുന്നു. അതില്‍ നിന്നും ഗൂഢാലോചന സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

കെ എസ് ശബരിനാഥന്‍ മുന്‍ എംഎല്‍എയും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. ഒളിവില്‍ പോകുമെന്ന് കരുതുന്നില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും മൊബൈല്‍ ഹാജരാക്കാന്‍ പ്രതി തയ്യാറാണെന്നും ജാമ്യം അനുവദിച്ച് കൊണ്ട് കോടതി നിരീക്ഷിച്ചു.

Read more

വിമാനത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തെന്ന വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നതിനെ തുടര്‍ന്ന് ഇന്നലെ ശബരീനാഥനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.