വീര്യം കുറഞ്ഞ മദ്യവുമായി യുഡിഎഫ് മുന്നോട്ട് പോകുന്നതില്‍ മുസ്ലിം ലീഗിനെ പരിഹസിച്ച് മുന്‍ മന്ത്രി കെടി ജലീല്‍. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നല്‍കുന്നതിനെ മുസ്ലിം ലീഗ് എതിര്‍ക്കാതിരുന്നതോടെയാണ് പരിഹാസവുമായി ജലീല്‍ രംഗത്തുവന്നത്.
കര്‍ണ്ണാടകയില്‍ നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ഒഴുകിയ കോടികള്‍ക്കുള്ള പ്രത്യുപകാരമാണ് വീര്യം കുറഞ്ഞ മദ്യത്തിനുള്ള അനുമതി. എന്നാണ് വീര്യം കുറഞ്ഞ മദ്യം മതത്തില്‍ അനുവദനീയമായത്. മുസ്ലിംലീഗിന്റെ 22 എംഎല്‍എമാരുണ്ടായിട്ടും ആരും എതിര്‍പ്പുന്നയിച്ചില്ല. മുസ്ലിംലീഗിന്റെ ചരിത്രത്തില്‍ ‘തങ്കലിപികളാല്‍’ എഴുതപ്പെടും ഈ മൗനമെന്നും ജലീല്‍ കെടി ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ?
വീര്യം കുറഞ്ഞ മദ്യത്തിത്തിന് ടീം UDF നികുതി കുറച്ചിരിക്കുന്നു. ഇനി ഇഷ്ടം പോലെ വീര്യം കുറഞ്ഞ മദ്യം കഴിക്കാം. കർണ്ണാടകയിൽ നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് UDF സ്ഥാനാർത്ഥികൾക്ക് ഒഴുകിയ കോടികൾക്കുള്ള പ്രത്യുപകാരം!!!
യാ സയ്യിദരെ! അല്ലയോ ഖാളിമാരെ,
എന്നാണ് വീര്യം കുറഞ്ഞ മദ്യം മതത്തിൽ ഹലാലായത്? (അനുവദനീയം). ഒരു മത സംഘടനക്കും ഒരു പരാതിയുമില്ല. ഒരു മതനേതാവും വെള്ളിയാഴ്ചയോ, ഞായറാഴ്ചയോ, ആരാധനാലയങ്ങളിൽ പ്രസംഗിച്ചതും കേട്ടില്ല.
അല്ലെങ്കിലും UDF-ന് എന്തൊക്കെ സൗകര്യങ്ങളാണ്. അവരുടെ ദുഷ്ചൈതികൾക്കും അഴിമതികൾക്കും ചൂട്ടുപിടിക്കാനും കൂട്ടുനിൽക്കാനും മത നേതാക്കളും മതമേലദ്ധ്യക്ഷൻമാരും മൽസരിക്കുകയല്ലേ! മദ്യവർജന സമിതിക്കാരും ഇയ്യാച്ചേരിയും നല്ല “മയക്കത്തി”ലാണ്. ഒരു സർക്കാരിൻ്റെ ആദ്യ ബഡ്ജറ്റിൽ തന്നെ ഇങ്ങിനെ ഒരു മഹാമനസ്കത കാണിച്ച UDF സർക്കാറിനെ അഭിനന്ദിച്ചുള്ള മതവിധികളാകും പള്ളിമേടകളിൽ നിന്നും കോഴിക്കോട്ടെ ഖാളീ ഭവനിൽ നിന്നും വൈകാതെ ഉയരുക!
ലീഗിൻ്റെ ചുണക്കുട്ടികൾ എവിടെ? 22 എണ്ണം ഉണ്ടായിട്ട് “നോ” പറയാൻ ഉപ്പീ സഹിബിന് കേരള നിയമസഭയിൽ ഒരു പിൻമുറക്കാരൻ പോലും ഉണ്ടായില്ലല്ലോ? കഷ്ടം! മുസ്ലിംലീഗിൻ്റെ ചരിത്രത്തിൽ ‘തങ്കലിപികളാൽ’ എഴുതപ്പെടും ഈ മൗനം!
പി.എം.ശ്രീ റെഡി!
വില കുറച്ച് വീര്യം കുറഞ്ഞ മദ്യവും റെഡി!
ഇതിൽപരം എന്തുവേണം സമുദായത്തിനും നാടിനും അഭിമാനിക്കാൻ! ന്യൂനപക്ഷമേ ആഹ്ലാദിപ്പിൻ!







